തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെ തുടര്‍ന്ന് അടച്ച മദ്യശാലകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ വീണ്ടും തുറന്ന് പ്രവര്‍ത്തിക്കും. മദ്യം പാഴ്‌സലായി വാങ്ങിക്കാനുള്ള വെര്‍ച്വല്‍ ക്യൂവിന്റെ ആപ്പ് ഇതിനോടകം തയ്യാറായിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ചയാകും ട്രയല്‍ റണ്‍ നടത്തുക.
എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം മാത്രം മദ്യവില്‍പ്പന പുനരാരംഭിച്ചാല്‍ മതിയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. മദ്യം ബാറുകളില്‍ നിന്ന് പാഴ്‌സലായി വാങ്ങുന്നതിന് അനുമതി നല്‍കുന്ന ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സംസ്ഥാനത്ത് ഇനിമുതല്‍ ബാറുകള്‍ വഴി മദ്യം വില്‍ക്കുന്നതിനായുള്ള കേരളാ അബ്കാരി ചട്ടം ഭേദഗതി ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയിരുന്നു.
ലോക്ക് ഡൗണ്‍ അവസാനിച്ചാല്‍ സംസ്ഥാനത്തെ ബെവ്‌ക്കോ ഔട്ട് ലെറ്റുകള്‍ തുറക്കുന്ന ദിവസം ബാറുകളും ബിയര്‍ വൈന്‍ പാര്‍ലറുകളും തുറക്കും. നിലവിലെ അടിയന്തിര സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് അനുസരിച്ച് ബാറുകളില്‍ കൗണ്ടര്‍ വഴി മദ്യവും ബിയറും വില്‍ക്കാന്‍ വിജ്ഞാപനത്തില്‍ അനുമതി നല്‍കുന്നു.