ഐസിസിയെ നയിക്കാനുള്ള കഴിവുണ്ട്…ഗാംഗുലിക്ക് ‘രാഷ്ട്രീയ കളി അറിയാം.. ഡേവിഡ് ഗോവര്‍

ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനെ (ഐസിസി) നയിക്കാനുള്ള ‘രാഷ്ട്രീയ മികവ്’ മുന്‍ ഇന്ത്യന്‍ നായകനും നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റുമായ സൗരവ് ഗാംഗുലിക്കുണ്ടെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഡേവിഡ് ഗോവര്‍. താരതമ്യേന ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് കാഴ്ചവയ്ക്കുന്ന മികവാര്‍ന്ന പ്രവര്‍ത്തനം ഐസിസിയെ നയിക്കാനും ഗാംഗുലിക്കു കഴിയുമെന്നതിന്റെ തെളിവാണെന്ന് ഗോവര്‍ അഭിപ്രായപ്പെട്ടു. ഭാവിയില്‍ ഗാംഗുലി ഐസിസി പ്രസിഡന്റ് സ്ഥാനത്തെത്തുമെന്ന് തീര്‍ച്ചയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഇത്ര നാളത്തെ അനുഭവത്തില്‍നിന്ന് ഞാന്‍ മനസ്സിലാക്കിയൊരു കാര്യമുണ്ട്. ബിസിസിഐയെ നയിക്കണമെങ്കില്‍ നിങ്ങള്‍ക്ക് ചില പ്രത്യേക കഴിവുകള്‍ കൂടിയേ തീരൂ. വിദഗ്ധനായ ഒരു രാഷ്ട്രീയക്കാരനു മാത്രം കഴിയുന്ന മികവോടെയാണ് ഗാംഗുലി ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് നല്ല തുടക്കം കുറിച്ചത്’ – ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെ ഗോവര്‍ ചൂണ്ടിക്കാട്ടി.

‘ഒന്നാമത്തെ കാര്യം ഈ സ്ഥാനത്തിരിക്കണമെങ്കില്‍ നൂറുകൂട്ടം കാര്യങ്ങളില്‍ നിയന്ത്രണം ഉണ്ടായിരിക്കണമെന്നതാണ്. മാത്രമല്ല, കോടിക്കണക്കിന് ആളുകള്‍ ഏറ്റവും താല്‍പര്യത്തോടെ പിന്തുടരുന്ന ഒരു കളിയുടെ (ക്രിക്കറ്റ്) കാര്യത്തില്‍ സമ്പൂര്‍ണ ഉത്തരവാദിത്തവും ആവശ്യമാണ്. ഇന്ത്യയില്‍ ക്രിക്കറ്റിനുള്ള അസാധാരണമായ ജനപ്രീതി എല്ലാവര്‍ക്കും അറിയാം. ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ വളരെ ഭാരിച്ച ചുമതലയാണ് ഗാംഗുലിക്കുമേല്‍ ഉള്ളത്. എങ്കിലും ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഉജ്വലം എന്ന് പറയാതെ വയ്യ. എല്ലാവര്‍ക്കും ചെവികൊടുത്തും സ്വന്തം നിലപാട് ഉറപ്പിച്ചു പറഞ്ഞുമാണ് അദ്ദേഹം ഇതുവരെ പ്രവര്‍ത്തിച്ചത്’ – ഗോവര്‍ പറഞ്ഞു.

ഒരു സംഘടനയുടെ തലപ്പത്തിരിക്കുന്നയാള്‍ക്ക് അവിടെ ശോഭിക്കണമെങ്കില്‍ രാഷ്ട്രീയ മികവും കൂടിയേ തീരൂവെന്ന് ഗോവര്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ സൗരവ് ഗാംഗുലി മികവു തെളിയിച്ചതായും ഗോവര്‍ അഭിപ്രായപ്പെട്ടു. ‘വളരെ നല്ലൊരു വ്യക്തിയാണെന്നു മാത്രമല്ല, രാഷ്ട്രീയ മികവുള്ളയാളു കൂടിയാണ് ഗാംഗുലി. എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനും കാര്യങ്ങള്‍ നേര്‍വഴിക്കു നീക്കാനും ഗാംഗുലിക്കു കഴിയും. ബിസിസിഐ പ്രസിഡന്റ് എന്ന നിലയില്‍ മികവു കാട്ടിയാല്‍ ഭാവിയില്‍ എന്താകുമെന്ന് ആര്‍ക്കറിയാം?’ – ഗോവര്‍ ചൂണ്ടിക്കാട്ടി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7