യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ ഷാഫി പറമ്പിലിന് കോവിഡ് ബാധിച്ചുവെന്ന് സിപിഎം നേതാവിന്റെ വ്യാജപ്രചാരണത്തിനെതിരെ കോണ്‍ഗ്രസ് നിയമനടപടിക്ക്. പുന്നയൂർക്കുളം ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചാവക്കാട് ഏരിയ സെക്രട്ടറി പുന്നയൂർക്കുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.ടി സോമരാജാണ് ഇത്തരത്തിൽ ഷാഫിക്കെതിരെ വ്യാജമായി ഫെയ്സ്ബുക്ക് പോസ്റ്റിട്ടത്.
‘ഷാഫി പറമ്പിലിന് കോവിഡ് ബാധ. സാമൂഹിക അകലം പാലിക്കുന്നത് നന്നായിരിക്കും’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചത്. വാളയാറിൽ കുടുങ്ങി കിടക്കുന്ന മലയാളികൾക്ക് വേണ്ടി ഷാഫി ഇടപെട്ടതിന് പിന്നാലെയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ കോൺഗ്രസ് ശക്തമായി രംഗത്തെത്തി.
കോവിഡ് ഭീതി നിലനിൽക്കുമ്പോൾ സജീവമായി ഇടപെടുന്ന ഒരു എംഎൽഎക്കെതിരെ ഇത്തരമൊരു പ്രചാരണം നടത്തിയത് ഗുരുതരമായ കുറ്റമാണെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു. ഇതേ കുറിച്ച് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ കുറിച്ചതിങ്ങനെ. ‘ഷാഫി പറമ്പിൽ എം എൽ എ ക്ക് കൊവിഡ് ബാധിച്ചുവെന്ന് ഒരു സിപിഎം നേതാവ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
മര്യാദകളുടെ സകല സീമകളും ലംഘിച്ചുകൊണ്ട് സി പി എമ്മുകാർ കോൺഗ്രസിനെതിരായി ഈ കൊവിഡ് കാലത്ത് വ്യാജപ്രചരണങ്ങൾ നടത്തുകയാണ്. കേരളത്തിലെ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും അനുഭാവികളും ഒറ്റക്കെട്ടായി നിന്ന് ഈ സൈബർ തെമ്മാടികളെ തുരത്തുക തന്നെ ചെയ്യും. കോൺഗ്രസ് എന്താണെന്ന് ബോധ്യപ്പെടുത്തി തരാം.’ അദ്ദേഹം കുറിച്ചു.
ഇതുസംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ കെഎസ് ശബരീനാഥന്‍ എംഎല്‍എ നാളെ ഡിജിപിക്ക് പരാതി നല്‍കും.