കോവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാന ആഴ്ചയിലേക്കു പ്രവേശിച്ചിരിക്കെ, മുഖ്യമന്ത്രിമാരുമായി വിഡിയോചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്ഡൗണില്‍ ഘട്ടംഘട്ടമായി ഇളവു വരുത്തുന്നതിനെക്കുറിച്ച് പ്രധാനമന്ത്രി ചര്‍ച്ച ചെയ്തു. 17നു ശേഷം പൂര്‍ണമായി തുറക്കാവുന്ന മേഖലകള്‍, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനുള്ള നടപടികള്‍ തുടങ്ങിയവ ചര്‍ച്ചയായെന്നാണു സൂചന. കൊറോണ വൈറസ് രാജ്യത്തെ ബാധിച്ചശേഷം മുഖ്യമന്ത്രിമാരുമായി മോദി നടത്തുന്ന അഞ്ചാമത്തെ ചര്‍ച്ചയാണിത്.

കോവിഡിനെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കാന്‍ ഉപയോഗിക്കുകയാണെന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ‘ഞങ്ങളുടെ അഭിപ്രായം ആരും തേടിയില്ല. ചില സംസ്ഥാനങ്ങളോടു മാത്രമാണു കേന്ദ്രത്തിനു താല്‍പര്യം’– മമത പറഞ്ഞു. നേരത്തേതില്‍ നിന്നു വ്യത്യസ്തമായി എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്കു സംസാരിക്കാന്‍ അവസരമുണ്ടായിരുന്നു എന്നതാണ് തിങ്കളാഴ്ചത്തെ യോഗത്തിന്റെ പ്രത്യേകത.

വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെയും മറ്റുള്ളവരെയും അവരുടെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതു പ്രധാന വിഷയമായി ഉന്നയിക്കപ്പെട്ടു. ലോക്ഡൗണ്‍ അവസാനിക്കും മുന്‍പുതന്നെ സാമ്പത്തിക മേഖല പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നു സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. വൈകിട്ട് മൂന്നിനു തുടങ്ങിയ യോഗം തുടരുകയാണ്.

തകര്‍ച്ചയിലായ സമ്പദ് വ്യവസ്ഥ പുനരുദ്ധരിക്കാന്‍ സാമ്പത്തിക പാക്കേജ് വേണമെന്നും വിവിധ സംസ്ഥാനങ്ങള്‍ ചൂണ്ടിക്കാട്ടി. ലോക്ഡൗണ്‍ അവസാനിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ അസുഖ ബാധിതരുടെയും മരിക്കുന്നവരുടെയും എണ്ണം ഉയരുന്നതില്‍ മുഖ്യമന്ത്രിമാര്‍ ആശങ്ക രേഖപ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ ഭാഗികമായി ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമ്പോഴുള്ള പ്രതിസന്ധിയും ഉന്നയിക്കപ്പെട്ടു. ലോക്ഡൗണില്‍ ഇളവുകള്‍ വരുത്തണമെന്നും ഇതു സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കു വ്യക്തത വേണമെന്നും കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുമായുള്ള ചര്‍ച്ചയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular