സിലക്ടര്‍മാര്‍ വേണ്ടപോലെ വിളിച്ചാല്‍; ദേശീയ ടീമിനായി കളിക്കാന്‍ തയാറാകൂ’ എന്ന് പറഞ്ഞാല്‍ മറ്റെല്ലാം അതിനുവേണ്ടി മാറ്റിവയ്ക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍

സിലക്ടര്‍മാര്‍ വേണ്ടപോലെ വിളിക്കുകയും ടീമില്‍ ഇടം ഉറപ്പു നല്‍കുകയും ചെയ്താല്‍ വിരമിക്കല്‍ തീരുമാനം ഉടനടി പിന്‍വലിച്ച് ഇന്ത്യയ്ക്കായി കളിക്കാന്‍ തയാറാകുമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. ഇക്കാര്യത്തില്‍ സിലക്ടര്‍മാര്‍ നടത്തുന്ന ആശയവിനിമയാണ് പ്രധാനമെന്ന് പഠാന്‍ ചൂണ്ടിക്കാട്ടി. താരങ്ങളെ ടീമില്‍നിന്ന് തഴയുമ്പോള്‍ കാരണം ബോധ്യപ്പെടുത്തുന്ന കാര്യത്തില്‍ സിലക്ടര്‍മാര്‍ക്കു പിഴവു പറ്റുന്നുവെന്ന ആരോപണത്തിന്റെ വെളിച്ചത്തില്‍ സുരേഷ് റെയ്‌നയുമായുള്ള ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലാണ് പഠാന്റെ പ്രതികരണം. 2012നുശേഷം ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ ഭാഗ്യം സിദ്ധിക്കാതെ പോയ മുപ്പത്തഞ്ചുകാരനായ പഠാന്‍ ഈ വര്‍ഷം ആദ്യം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍നിന്നും വിരമിച്ചിരുന്നു.

ദേശീയ ടീമില്‍നിന്ന് ഒഴിവാക്കിയ സമയത്ത് സിലക്ടര്‍മാര്‍ ഇക്കാര്യം വേണ്ടവിധം അറിയിച്ചില്ലെന്ന് അടുത്തിടെ ഒരു ലൈവ് ചാറ്റില്‍ സുരേഷ് റെയ്‌ന വെളിപ്പെടുത്തിയിരുന്നു. മുതിര്‍ന്ന താരങ്ങളെ കൈകാര്യം ചെയ്യുമ്പോള്‍ സിലക്ടര്‍മാര്‍ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് താരങ്ങളുമായി വേണ്ടവിധത്തില്‍ ആശയവിനിമയം നടത്തുന്നതില്‍ സിലക്ടര്‍മാര്‍ക്ക് വീഴ്ച വരുന്നതായി ആരോപണം ഉയരുകയും ചെയ്തു. ഇക്കാര്യം ചര്‍ച്ചയായപ്പോഴാണ് സിലക്ടര്‍മാര്‍ ‘വേണ്ടവിധം’ ആവശ്യപ്പെട്ടാല്‍ വിരമിക്കല്‍ തീരുമാനം പുനഃപരിശോധിക്കാന്‍പോലും തയാറാണെന്ന് പഠാന്‍ പറഞ്ഞത്.

‘ആശയവിനിമയം എക്കാലവും സുപ്രധാനമാണ്. അവര്‍ (സിലക്ടര്‍മാര്‍) എന്നെ സമീപിച്ച് ‘ഇര്‍ഫാന്‍ താങ്കള്‍ വിരമിച്ചെങ്കിലും ഒരു വര്‍ഷം കൂടി ദേശീയ ടീമിനായി കളിക്കാന്‍ തയാറാകൂ’ എന്ന് പറഞ്ഞാല്‍ മറ്റെല്ലാം അതിനുവേണ്ടി ഞാന്‍ മാറ്റിവയ്ക്കും. എന്റെ പൂര്‍ണഹൃദയവും ആത്മാവും അതിനുവേണ്ടി സമര്‍പ്പിക്കും. പക്ഷേ, ഇക്കാര്യം ആരു പറയുമെന്നതാണ് പ്രധാനം. സുരേഷ് റെയ്‌ന, ലോകകപ്പിന് ഇനിയും ആറു മാസം കൂടിയുണ്ട്. ഇതിനിടെ നിങ്ങള്‍ മികച്ച പ്രകടം കാഴ്ചവച്ച് ഫോം തെളിയിച്ചാല്‍ തീര്‍ച്ചയായും ടീമിലേക്കു പരിഗണിക്കും’ എന്ന് സിലക്ടര്‍മാര്‍ പറഞ്ഞാല്‍ നിങ്ങള്‍ അതിനുവേണ്ടി എന്തും ചെയ്യില്ലേ?’ – പഠാന്‍ റെയ്‌നയോടു ചോദിച്ചു.

‘തീര്‍ച്ചയായും’ എന്ന് മറുപടി നല്‍കിയ സുരേഷ് റെയ്‌ന, സിലക്ടര്‍മാര്‍ തന്നോടു കാട്ടിയ നീതികേടിനെതിരെ ഒരിക്കല്‍ക്കൂടി ശബ്ദമുയര്‍ത്തി. ടീമില്‍നിന്ന് പുറത്താക്കുന്ന സമയത്ത് സിലക്ടര്‍മാര്‍ ഇക്കാര്യത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞില്ലെന്ന റെയ്‌നയുടെ വിമര്‍ശനം അന്ന് ചീഫ് സിലക്ടറായിരുന്ന എം.എസ്.കെ. പ്രസാദ് കഴിഞ്ഞ ദിവസം തള്ളിക്കളഞ്ഞിരുന്നു. റെയ്‌നയെ റൂമിലേക്കു വിളിച്ച് തിരിച്ചുവരവിനുള്ള സാധ്യതകള്‍ അക്കമിട്ട് വിശദീകരിച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. എന്നാല്‍, പ്രസാദിന്റെ അവകാശവാദം റെയ്‌നയും തള്ളി.

‘ഞാന്‍ തീര്‍ത്തും മോശം പ്രകടനമാണ് കാഴ്ചവച്ചതെന്നും ടീമില്‍നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് എന്നോടു സംസാരിച്ചിരുന്നുവെന്നും കഴിഞ്ഞ ദിവസം പ്രസാദ് പറഞ്ഞതുകണ്ടു. അത് നുണയാണ്. അദ്ദേഹം എന്നോട് സംസാരിച്ചിട്ടേയില്ല. എന്റെ സമയം വരുമ്പോള്‍ ഞാന്‍ കളിച്ചോളാം’ – റെയ്‌ന വിശദീകരിച്ചു.

സ്വിങ് ബോളിങ്ങിന്റെ മാന്ത്രികതയുമായി ഇന്ത്യന്‍ ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇര്‍ഫാന്‍ പഠാന്‍ ഈ വര്‍ഷം ആദ്യമാണ് രാജ്യാന്തര ക്രിക്കറ്റില്‍നിന്ന് വിരമിച്ചത്. ഏഴു വര്‍ഷം മുന്‍പാണ് അവസാന രാജ്യാന്തര മത്സരം കളിച്ചതെങ്കിലും പഠാന്‍ (35) ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത് ജനുവരിയിലാണെന്നു മാത്രം. 2007 ല്‍ പ്രഥമ ട്വന്റി20 ലോകകപ്പ് ഇന്ത്യ ഉയര്‍ത്തുമ്പോള്‍ കലാശക്കളിയില്‍ മാന്‍ ഓഫ് ദ് മാച്ച് പഠാനായിരുന്നു. ഫൈനലില്‍ പാക്കിസ്ഥാനെതിരെ 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ പഠാന്റെ പ്രകടനം ഇന്ത്യയുടെ കിരീട വിജയത്തില്‍ നിര്‍ണായകമായി.

രാജ്യത്തിനു വേണ്ടി 29 ടെസ്റ്റുകളും 120 ഏകദിനങ്ങളും 24 ട്വന്റി 20 മത്സരങ്ങളും കളിച്ചു.ആകെ 301 രാജ്യാന്തര വിക്കറ്റുകള്‍ കൊയ്തു. 2003 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ അരങ്ങേറുമ്പോള്‍ പഠാനു പ്രായം 19 മാത്രം. വഡോദരയിലെ കൊച്ചു വീട്ടില്‍ ഒരു മദ്രസ അധ്യാപകന്റെ മകനായി ജനിച്ച ഇര്‍ഫാന്‍ പഠാന്റെ ഇന്ത്യന്‍ ടീം അരങ്ങേറ്റം ആരാധകരുടെ ആവേശമായിരുന്നു അന്ന്. പിന്നീട് സഹോദരന്‍ യൂസഫ് പഠാന്‍ കൂടി ഇന്ത്യന്‍ ടീമിലെത്തിയതോടെ പഠാന്‍ സഹോദരന്‍മാര്‍ ഹിറ്റ്‌മേക്കേഴ്‌സായി.2012 ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ കൊളംബോയിലാണ് പഠാന്‍ ഒടുവില്‍ രാജ്യാന്തര മത്സരം കളിച്ചത്.

ടെസ്റ്റില്‍ ഹാട്രിക് നേടിയ മൂന്ന് ഇന്ത്യന്‍ ബോളര്‍മാരിലൊരാളാണ് പഠാന്‍. അപാരമായ പേസ് ഇല്ലായിരുന്നെങ്കിലും പന്തിനെ സ്വിങ് ചെയ്യാനുള്ള കഴിവുകൊണ്ടാണ് പഠാന്‍ മികവുകാട്ടിയത്. ബാറ്റിങ്ങിലും മിന്നലാക്രമണം നടത്തിയ പഠാന്‍ കപില്‍ദേവിന്റെ പിന്‍മുറക്കാരനാണെന്നും ക്രിക്കറ്റ് ലോകം വാഴ്ത്തി.ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഓപ്പണറായും മൂന്നാമനായും ബാറ്റേന്തി. ഫോമില്‍ വിരാജിക്കുമ്പോള്‍ ഇന്ത്യന്‍ ടീം കോച്ച് ആയിരുന്ന ഗ്രെഗ് ചാപ്പലാണ് ബാറ്റിങ്ങില്‍ സ്ഥാനക്കയറ്റം നല്‍കിയത്. 2010 നു ശേഷം കാര്യമായി തിളങ്ങാനായില്ല. ഏറെ പ്രതീക്ഷയുണ്ടായിരുന്ന ഐപിഎല്ലില്‍ പഠാന്‍ നിറം മങ്ങി. 2017നുശേഷം പഠാനെ ലേലത്തില്‍പോലും ആരുമെടുത്തില്ല.

Similar Articles

Comments

Advertismentspot_img

Most Popular