തിരുവനന്തപുരം: ക്ഷേത്രങ്ങളുടെ ഫണ്ട് എടുക്കുന്ന സമീപനം സര്‍ക്കാരിന് ഇല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഗുരുവായൂര്‍ ദേവസ്വം സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ടുണ്ടായ ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ബജറ്റില്‍ 100 കോടിരൂപയാണ് സര്‍ക്കാര്‍ തിരുവിതാംകൂര്‍ ദേവസ്വത്തിനു നല്‍കിയത്. മലബാര്‍ –കൊച്ചി ദേവസ്വങ്ങള്‍ക്ക് 36 കോടി നല്‍കി.
നിലയ്ക്കല്‍ പമ്പ ഇടത്താവളത്തിന് കിഫ്ബിയിലൂടെ 142 കോടിരൂപയുടെ നിര്‍മാണം നടത്തുന്നു. ശബരിമല തീര്‍ഥാടനത്തിനു 30 കോടിയുടെ പ്രത്യേക ഗ്രാന്റ് നല്‍കി. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം അടക്കം തകര്‍ച്ച നേരിടുന്ന ക്ഷേത്രങ്ങള്‍ക്ക് അഞ്ച് കോടിരൂപയുടെ പദ്ധതി തയാറാക്കി. തത്വമസി എന്ന പേരില്‍ ടൂറിസം സര്‍ക്യൂട്ട് ആരംഭിച്ചു. ഇതിനായി 10 കോടി നീക്കിവച്ചു.
ഇതു നാടിന്റെ മുന്നിലുള്ള കണക്കാണെന്നും, സര്‍ക്കാര്‍ കൊണ്ടുപോകുകയാണോ കൊടുക്കുകയാണോ എന്ന് ഇതു നോക്കിയാല്‍ മനസിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മതവിദ്വേഷം വളര്‍ത്താന്‍ ചിലര്‍ തുനിഞ്ഞിറങ്ങുകയാണ്. ചോര തന്നെ കൊതുകിനു കൗതുകം എന്ന രീതിയില്‍ ഇറങ്ങരുതെന്നും മുഖ്യമന്ത്രി പറഞ്ഞു