ഒരുകാലത്ത് ലോകമെമ്പാടുമുള്ള ബോളർമാരുടെ പേടിസ്വപ്നമായിരുന്ന വീരേന്ദർ സേവാഗ് ഇന്ത്യയ്ക്കു പകരം മറ്റേതെങ്കിലും ടീമിന്റെ താരമായിരുന്നെങ്കിൽ ടെസ്റ്റിൽ 10,000 റണ്‍സ് നേടിയേനെയെന്ന് പാക്കിസ്ഥാന്റെ മുൻ താരം റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീമിൽ സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയ മഹാരഥൻമാരുടെ നിഴലായിപ്പോയതാണ് സേവാഗിനെ തിരിച്ചടിച്ചതെന്ന് റാഷിദ് ലത്തീഫ് വിലയിരുത്തി. രാജ്യാന്തര കരിയറിൽ 104 ടെസ്റ്റുകൾ കളിച്ച സേവാഗ് 49.34 ശരാശരിയിൽ 8586 റൺസാണ് നേടിയത്. ഇതിൽ 23 സെഞ്ചുറികളും 32 അർധസെഞ്ചുറികളും ഉൾപ്പെടുന്നു.
‘ബോളർമാർക്കുമേൽ ആധിപത്യം ഉറപ്പിച്ചുള്ള ബാറ്റിങ് ശൈലിയായിരുന്നു സേവാഗിന്റേത്. തുടക്കത്തിൽ അൽപം സംശയത്തോടെ കളിച്ചു തുടങ്ങുന്ന ഓപ്പണർമാരെയാണ് നമുക്കു പരിചയം. അവർ പിച്ചിന്റെ ഗതിയും ബോൾ ചെയ്യുന്നത് മഗ്രോയാണോ ബ്രെറ്റ് ലീയാണോ വസിം അക്രമാണോ ശുഐബ് അക്തറാണോ തുടങ്ങിയതെല്ലാം പരിഗണിച്ചാണ് ബാറ്റു ചെയ്യുക. ഇക്കാര്യത്തിൽ സേവാഗ് വ്യത്യസ്തനാണ്. പിച്ചും എതിർ ടീം ബോളർമാരും അദ്ദേഹത്തിനു പ്രശ്നമല്ല. കളിയിൽ മേധാവിത്തം സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. ടീമിന്റെ പ്രകടനത്തെ ശക്തമായി സ്വാധീനിക്കാൻ കഴിഞ്ഞിരുന്ന താരമാണ് സേവാഗ്’ – റാഷിദ് ലത്തീഫ് പറയുന്നു.
‘സേവാഗിന്റെ റെക്കോർഡുകൾ തന്നെ അദ്ദേഹത്തിന്റെ മഹത്വം വിളിച്ചോതുന്നുണ്ട്. ടെസ്റ്റിൽ അദ്ദേഹത്തിന് 8000ൽ അധികം റൺസുണ്ട്. മറ്റു ചില താരങ്ങളുടെ നിഴലിൽ ഒതുങ്ങിപ്പോയ വ്യക്തിയാണ് സേവാഗ്. സച്ചിൻ തെൻഡുൽക്കർ, രാഹുൽ ദ്രാവിഡ് തുടങ്ങിയവർക്കൊപ്പം കളിക്കേണ്ടി വന്നതിനാൽ അദ്ദേഹം പലപ്പോഴും അവരുടെ നിഴലായി മാറി. മറ്റേതെങ്കിലും രാജ്യത്തിനു വേണ്ടിയാണ് സേവാഗ് കളിച്ചിരുന്നതെങ്കിൽ ടെസ്റ്റിൽ 10,000 റൺസ് കടക്കുമായിരുന്നുവെന്ന് തീർച്ച. 1500 റൺസോളമുണ്ടെങ്കിൽ അദ്ദേഹം ആ നാഴികക്കല്ലു പിന്നിട്ടേനെ’ – ലത്തീഫ് ചൂണ്ടിക്കാട്ടി.
‘ഒരുപക്ഷേ അദ്ദേഹത്തിന്റെ ടീമിൽ കൂടുതൽ പേരെടുത്ത താരങ്ങളൊക്കെ ഉണ്ടായിരുന്നിരിക്കാം. പക്ഷേ, എതിരാളികൾ ഏറ്റവും കൂടുതൽ ഭയപ്പെട്ടിരുന്ന ബാറ്റ് സേവാഗിന്റേതാണ്. – ലത്തീഫ് പറഞ്ഞു.