പ്ലാസ്മ ചികിത്സയ്ക്ക് കേരളത്തിന് അനുമതിയില്ല; ശീചിത്രയും തിരുവനന്തപുരം മെഡിക്കല്‍ കോളജും തമിഴ്‌നാടിന്റെ പട്ടികയില്‍

കോട്ടയം : കൊറേണ വൈറസിനെതിരെ പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണം (പ്ലാസിഡ് ട്രയല്‍) നടത്താന്‍ കേരളത്തിലെ ഒരു സ്ഥാപനത്തിനും ആദ്യഘട്ടത്തില്‍ ഐസിഎംആര്‍ അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങള്‍ക്കാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അനുമതി നല്‍കിയിരിക്കുന്നത്. ഗുജറാത്ത് (4), രാജസ്ഥാന്‍ (2), മഹാരാഷ്ട്ര (5), പഞ്ചാബ് (1), തമിഴ്‌നാട് (2), മധ്യപ്രദേശ് (2), ഉത്തര്‍പ്രദേശ് (2), കര്‍ണാടക (1), തെലങ്കാന (1), ചണ്ഡിഗഡ് (1) എന്നീ സംസ്ഥാനങ്ങളിലെ സ്ഥാപനങ്ങള്‍ക്കാണ് അനുമതി.

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോജളി, തിരുവനന്തപുരം മെഡിക്കല്‍ കോളജ് എന്നിവയുള്‍പ്പെടെ ആറു സ്ഥാപനങ്ങളാണ് കേരളത്തില്‍നിന്നു ക്ലിനിക്കല്‍ ട്രയിലിന് അനുമതി തേടിയിരുന്നത്. ആവശ്യമായ രേഖകള്‍ നല്‍കുന്ന മുറയ്ക്ക് ഈ സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുന്ന കാര്യം പരിഗണനയിലാണെന്നാണ് ഐസിഎംആറിന്റെ അറിയിപ്പില്‍ പറയുന്നത്. ഐസിഎംആര്‍ പുറത്തുവിട്ട, പരിഗണിക്കുന്ന സ്ഥാപനങ്ങളുടെ പട്ടികയില്‍ ശ്രീചിത്രയും തിരുവനന്തപുരം മെഡിക്കല്‍ കോളജും തമിഴ്‌നാടിന്റെ പട്ടികയില്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്ലാസ്മ ചികിത്സ- കൊറോണ വൈറസ് ബാധിക്കുകയും പിന്നീട് ഭേദമാകുകയും ചെയ്തവരുടെ രക്തത്തില്‍നിന്ന് വേര്‍തിരിച്ച പ്ലാസ്മ അതീവഗുരുതരാവസ്ഥയിലുളള രോഗികള്‍ക്കു നല്‍കുകയാണു ചെയ്യുന്നത്. പ്ലാസ്മഫെറസിസ് മെഷീനിലൂടെ ദാതാവിന്റെ രക്തം കടത്തിവിടുമ്പോള്‍ രക്തകോശങ്ങള്‍ വേര്‍തിരിഞ്ഞു ദാതാവിനു തന്നെ ലഭിക്കും.

കോശങ്ങള്‍ ഇല്ലാത്ത രക്തഭാഗമായ പ്ലാസ്മ ശേഖരിച്ച് ശീതീകരിച്ച് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. കൊറോണ വൈറസ് ബാധയുണ്ടാകുമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ സ്വമേധയാ ആന്റിബോഡികള്‍ ഉത്പാദിപ്പിക്കും. ഇത്തരത്തിലുള്ള ബി ലിംഫോസൈറ്റ്‌സ് സെല്ലുകള്‍ രക്തത്തിലെ പ്ലാസ്മയില്‍ ഉണ്ടാകും. വൈറസ് ബാധയുള്ള ഒരാള്‍ക്ക് രോഗം ഭേദമാകുന്നതോടെ വീണ്ടും വൈറസ് എത്തിയാല്‍ പ്രതിരോധിക്കാനായി ഈ ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകും. ഇവരുടെ പ്ലാസ്മ ശേഖരിച്ച് മറ്റൊരു രോഗിക്കു നല്‍കുമ്പോള്‍ അതിലുളള ആന്റിബോഡി വൈറസിനെ തിരിച്ചറിഞ്ഞ് പ്രതിരോധിക്കുകയും കൂടുതല്‍ ഗുരുതരാവസ്ഥയിലേക്കു രോഗി പോകുന്നതു തടയുകയും ചെയ്യും. കൂടുതല്‍ ശരീരകോശങ്ങളിലേക്ക് വൈറസ് പടരുന്നത് തടയാനും ഇതിലൂടെ കഴിയും. ഒരാളുടെ പ്ലാസ്മയില്‍നിന്ന് രണ്ടു പേര്‍ക്ക് നല്‍കാനുള്ള ഡോസ് ലഭിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular