കണ്ണൂര്‍: ഇതര സംസ്ഥാനങ്ങളില്‍നിന്നു മടങ്ങിയെത്തുന്ന മലയാളികളെ താമസിപ്പിക്കുന്നതിനുള്ള ക്വാറന്റീന്‍ കേന്ദ്രം സംബന്ധിച്ച് സര്‍വത്ര ആശയക്കുഴപ്പം ഉ്ള്ളതായി റിപ്പോര്‍ട്ട്. വാളയാര്‍ അതിര്‍ത്തി വഴി ചെന്നൈയില്‍നിന്നെത്തിയ (റെഡ് സോണ്‍) കണ്ണൂരിലെ കുടുംബത്തോടു ക്വാറന്റീനു വേണ്ടി ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചത് കണ്ണൂരിലെ ഒരു ലോഡ്ജ് ആയിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്നലെ പാതിരാത്രി ഇവര്‍ ലോഡ്ജിലെത്തിയപ്പോഴാണു ക്വാറന്റീന്‍ കേന്ദ്രമായി ലോഡ്ജിനെ മാറ്റിയെന്ന് ഉടമ അറിയുന്നത്.
ഈ സമയം ലോഡ്ജിലെ മുറികളിലെല്ലാം പഴയ താമസക്കാരുണ്ടായിരുന്നു. തനിക്ക് വിവരമൊന്നുമില്ലെന്ന് ലോഡ്ജുടമ പറഞ്ഞതോടെ വേറെ നിവൃത്തിയില്ലാതെ അച്ഛനും മകളും കണ്ണൂരിലെ സ്വന്തം വീട്ടിലേക്കു പോയി. ക്വാറന്റീന്‍ ലംഘനത്തിന് തങ്ങള്‍ക്കെതിരെ കേസ് വരുമോ എന്ന് ഭയത്തിലാണ് ഇപ്പോള്‍ ഇവര്‍
ജില്ലയില്‍ കണ്ടെത്തിയ ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ സംബന്ധിച്ച് ഒരു വിവരവും ലോഡ്ജുടമകള്‍ക്കു കൈമാറുകയോ, ഇവിടെയുള്ള പഴയ താമസക്കാരെ ഒഴിപ്പിക്കുകയോ, ലോഡ്ജുകള്‍ അണുവിമുക്തമാക്കുകയോ ചെയ്യാതെയാണ് ആളുകളെ അയയ്ക്കുന്നതെന്ന പരാതി വ്യാപകമായുണ്ട്.