പ്രവാസികളെ മടക്കി കൊണ്ടുവരാൻ പോകുന്ന എയര് ഇന്ത്യ സംഘത്തിന് പ്രത്യേക പരിശീലനം

പ്രവാസികളെ മടക്കി കൊണ്ട് വരാന്‍ മേയ് ഏഴിന് കൊച്ചിയില്‍ നിന്നും ആദ്യമായി പുറപ്പെടുന്ന എയര്‍ ഇന്ത്യ വിമാനത്തിലെ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂവിനും എറണാകുളം മെഡിക്കല്‍ കോളേജില്‍ പരിശീലനം നല്‍കി.

പി.പി.ഇ സ്യൂട്ടുകള്‍ ധരിക്കുന്നതിനും ഫ്ളൈറ്റിനിടയില്‍ ഉണ്ടാകാനിടയുള്ള ഹെല്‍ത്ത് എമര്‍ജന്‍സികള്‍ കൈകാര്യം ചെയ്യുന്നതിനുമാണ് മെഡിക്കല്‍ കോളേജിലെ വിദഗ്ധ സംഘം ഇവരെ പരിശീലിപ്പിച്ചത്. സ്യൂട്ടുകള്‍ ധരിക്കുന്നതിന്റെയും, അവ ശ്രദ്ധപൂര്‍വ്വം പ്രൊട്ടോക്കോള്‍ പ്രകാരം ഊരിമാറ്റുന്നതിന്റെയും പ്രാക്ടിക്കല്‍ വിശദീകരണം നല്‍കുകയുണ്ടായി
ഇവര്‍ക്കാവശ്യമായ സൗജന്യ കിറ്റുകളും നല്‍കി. എല്ലാവരുടെയും RTPCR പരിശോധനയും നടത്തി.

ട്രെയിനിംഗിന് ശേഷം ക്രൂവിന്റെ ആത്മവിശ്വാസം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതായി ക്യാപ്റ്റന്‍ പാര്‍ത്ഥ സര്‍ക്കാര്‍ പറഞ്ഞു. 4 പൈലറ്റുമാര്‍ അടക്കം 12 പേരടങ്ങുന്ന സംഘത്തിനാണ് മെഡിക്കല്‍ കോളേജ് ട്രെയിനിംഗ് നല്‍കിയത്.

എറണാകുളം മെഡിക്കല്‍ കോളേജ് ആര്‍.എം.ഒ, ഡോ.ഗണേശ് മോഹന്‍, എ.ആര്‍.എം.ഒ ഡോ.മനോജ് ആന്റണി, ഡോ.ഗോകുല്‍ സജ്ജീവന്‍, ശ്രീമതി. വിദ്യ വിജയന്‍, ഇന്‍ഫക്ഷന്‍ കണ്‍ട്രോള്‍ സ്റ്റാഫ് നഴ്‌സ്, എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ആവശ്യമെങ്കില്‍ ഇനിയും ഫ്‌ളൈറ്റ് ക്രൂവിന് പരിശീലനം നല്‍കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.പീറ്റര്‍ വാഴയില്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular