ഗുരുഗ്രാം: സമൂഹമാധ്യമത്തില്‍ പെണ്‍കുട്ടി ബലാത്സഗ ആരോപണം ഉയര്‍ത്തിയതിനു പിന്നാലെ ഗുരുഗ്രാമില്‍ പതിനാലുകാരന്‍ ആത്മഹത്യ ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ അശ്ലീല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയും അവരെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ച് ചാറ്റ് ചെയ്യുകയും ചെയ്യുന്ന ‘ബോയ്‌സ് ലോക്കര്‍ റൂം’ എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിനെ കുറിച്ചുള്ള വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെയാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
ഗുരുഗ്രാമില്‍ സമ്പന്നര്‍ താമസിച്ചിരുന്ന അപാര്‍ട്‌മെന്റിന്റെ പതിനൊന്നാം നിലയില്‍ നിന്നു ചാടിയാണ് പതിനാലുകാരന്‍ ജീവനൊടുക്കിയത്. ബോയ്‌സ് ലോക്കര്‍ റൂം വിവാദങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ ഒരു പെണ്‍കുട്ടി ഇയാള്‍ക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ ‘മീ ടൂ’ ആരോപണവുമായി രംഗത്തുവന്നിരുന്നു. ഇതാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നാണ് പൊലീസ് നിഗമനം.
ആത്മഹത്യ കുറിപ്പുകളൊന്നും വിദ്യാര്‍ഥിയില്‍ നിന്നു കണ്ടെടുത്തിട്ടില്ല. എന്നാല്‍ മൃതദേഹത്തില്‍ നിന്നു കിട്ടിയ വിദ്യാര്‍ഥിയുടെ ഫോണില്‍ പൊലീസ് ചോദ്യം ചെയ്യുമെന്ന് പറഞ്ഞ് പേടിപ്പിച്ച് സഹപാഠികള്‍ അയച്ച സന്ദേശങ്ങള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
മീ ടൂ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയും മറ്റു പെണ്‍കുട്ടികളുമായും മരിച്ച വിദ്യാര്‍ഥി നടത്തിയ സംഭാഷണങ്ങളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ ലഭിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. രണ്ടു വര്‍ഷം മുമ്പാണ് താന്‍ ആക്രമിക്കപ്പെട്ടതെന്നും രഹസ്യമാക്കി വയ്ക്കുന്നത് മടുത്തുവെന്നുമാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തനിക്ക് ഉണ്ടായ മോശമായ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ച പെണ്‍കുട്ടി ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ പേരും പരാമര്‍ശിച്ചിരുന്നു.
സംഭവത്തെ കുറിച്ച് പൊലീസ് കൂടുതല്‍ അന്വേഷിച്ചു വരികയാണ്. ആത്മഹത്യയില്‍ മാതാപിതാക്കള്‍ പരാതി നല്‍കാന്‍ വിസമ്മതിച്ചു എന്നാണ് പൊലീസ് പറയുന്നത്. വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയച്ചു. വിദ്യാര്‍ഥിയുടെ സമൂഹമാധ്യമ അക്കൗണ്ടുകളെ കുറിച്ച് കൂടുതല്‍ അറിയാനായി സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ‘ബോയ്‌സ് ലോക്കര്‍ റൂം’ എന്ന ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സ്‌കൂള്‍ വിദ്യാര്‍ഥകളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. തെക്കന്‍ ഡല്‍ഹിയിലെ ഒരു പെണ്‍കുട്ടി പുറത്തുവിട്ട ചില ഗ്രൂപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളില്‍ നിന്നാണ് സമൂഹമാധ്യമത്തെ ഞെട്ടിച്ച ബോയ്‌സ് ലോക്കര്‍ റൂം എന്ന ഇന്‍സ്റ്റഗ്രാം ചാറ്റ് ഗ്രൂപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ പുറം ലോകമറിയുന്നത്. തെക്കന്‍ ഡല്‍ഹിയിലെ അഞ്ചു സ്‌കൂളുകളില്‍നിന്നുള്ള 11, 12ാം ക്ലാസ് വിദ്യാര്‍ഥികളാണ് ഗ്രൂപ്പില്‍ സജീവമായിരുന്നത്.
ബലാല്‍സംഗ ഭീഷണി, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുക, പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നതിനെക്കുറിച്ചു സംസാരിക്കുക തുടങ്ങിയവയാണ് നൂറിലധികം പേര്‍ അംഗങ്ങളായ ഗ്രൂപ്പിലെ ചര്‍ച്ചവിഷയം. പെണ്‍കുട്ടികളടമുള്ള ഗ്രൂപ്പിലെ 90% ശതമാനം അംഗങ്ങളും സ്‌കൂള്‍ വിദ്യാര്‍ഥികളാണെന്നതാണ് ഞെട്ടിപ്പിക്കുന്ന വസ്തുത. വിവരം പുറത്തായതോടെ ഡല്‍ഹി വനിതാ കമ്മിഷന്‍ പൊലീസിനും ഇന്‍സ്റ്റഗ്രാമിനും നോട്ടിസ് അയച്ചിരുന്നു. ഗ്രൂപ്പിലെ അംഗങ്ങളെക്കുറിച്ചു വിവരം നല്‍കാനും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.<