ലോക് ഡൗണിനു ശേഷം ഓണ്‍ലൈന്‍ ക്ലാസ്:, സംസ്ഥാനത്തു ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ശേഖരിക്കുന്നു

കൊച്ചി: സംസ്ഥാനത്തു ടെലിവിഷന്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലാത്ത കുട്ടികളുടെ വിവരം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. അധ്യയനദിനങ്ങള്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സ്‌കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസ് നടപ്പാക്കുന്നതിന്റെ മുന്നോടിയായാണിത്. സ്‌കൂള്‍ അധികൃതരുമായി സി.ആര്‍.സി. കോഡിനേറ്റര്‍മാര്‍ ആശയവിനിമയം നടത്തി ഇന്ന് 11 നകം വിവരം നല്‍കാനാണു സര്‍വശിക്ഷാ അഭിയാന്‍ (എസ്.എസ്.എ.) സ്‌റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടറുടെ നിര്‍ദേശം.

എസ്.എസ്.എ., വിക്‌ടേഴ്‌സ് ചാനല്‍, കൈറ്റ് എന്നിവയുമായി സഹകരിച്ചാണു പദ്ധതി നടപ്പാക്കുകയെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. ടെലിവിഷന്‍, കേബിള്‍ കണക്ഷന്‍, നെറ്റ് കണക്ഷന്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ലഭ്യമല്ലാത്ത കുട്ടികളുടെ വിവരമാണു നല്‍കേണ്ടത്. കേബിള്‍ ടിവി ഇന്റര്‍നെറ്റ് ഇല്ലാത്തവര്‍, ടിവി മാത്രമുള്ളവര്‍, ടിവിയും കേബിളും മാത്രമുള്ളവര്‍, ടിവിയും ഇന്റര്‍നെറ്റുമുള്ളവര്‍, സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റുമുള്ളവര്‍ എന്നിങ്ങനെ തരംതിരിച്ചു നല്‍കണം.

അന്വേഷണത്തില്‍ മിക്കവാറും കുട്ടികള്‍ക്കു ഇത്തരം സൗകര്യമുണ്ടെന്നാണു കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താനാവും. ഇല്ലാത്തവര്‍ക്കു അവ ലഭ്യമാക്കുകയോ അവരെ നിശ്ചിത അകലത്തില്‍ ക്ലാസിലിരിക്കാന്‍ അനുവദിക്കുകയോ ചെയ്യും. കുട്ടികള്‍ക്കു സംശയനിവാരണത്തിനും അവസരമുണ്ടാകും. ഓണ്‍ലൈന്‍ €ക്ലാസെടുക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ തലത്തില്‍ പരിശീലനം നല്‍കും. തുടക്കത്തില്‍ സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തലത്തിലാവും ഓണ്‍ലൈന്‍ പഠനം. എല്ലാ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും സ്മാര്‍ട്ട് ക്ലാസും കമ്പ്യൂട്ടര്‍ ലാബുകളുമുണ്ട്. സെക്കന്‍ഡറി സ്‌കൂളുകളില്‍ മിക്കയിടത്തും ഈ സൗകര്യമുണ്ട്. അടിസ്ഥാന സൗകര്യമൊരുക്കേണ്ടതു മാനേജ്‌മെന്റാണ്.

എല്ലാ സ്‌കൂളിലേക്കുമായി ഒരോ വിഷയത്തിനും ഒരു ക്ലാസ് മതിയോ എന്നതും പരിശോധിക്കുന്നുണ്ട്. സ്‌കൂളുകള്‍ പ്രാപ്തമാണെങ്കില്‍ സ്വന്തം നിലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ െടെംടേബിള്‍ സ്‌കൂളുകള്‍ക്കു ക്രമീകരിക്കാം. അതേസമയം, കേന്ദ്രീയ വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ ക്ലാസിനുള്ള നടപടി തുടങ്ങി. സി.ബി.എസ്.ഇ. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ജൂണ്‍ ഒന്നിനു തുറക്കുമെന്നാണു മാനേജ്‌മെന്റുകള്‍ പറയുന്നതെങ്കിലും ഓണ്‍ലൈനാവും ക്ലാസുകള്‍. നിയന്ത്രണ കാലത്തു ലാബ്, പ്രൊജക്റ്റ് വര്‍ക്കുകള്‍ ഒഴിവാക്കിയേക്കും.

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ലോക്ക്ഡൗണിനു ശേഷമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ്. വിവിധ ജില്ലകളിലുള്ള അധ്യാപകര്‍ക്കു സ്‌കൂളില്‍ എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ കൂടുതല്‍ കൊല്ലം, തിരുവനന്തപുരം ജില്ലക്കാരാണ്. വാര്‍ഷികപരീക്ഷ പൂര്‍ത്തിയാകാത്ത ഒന്‍പതാം ക്ലാസുകാരുടെ പ്രമോഷനു ടേം പരീക്ഷകളിലെ മാര്‍ക്ക് അടിസ്ഥാനമാക്കും. പരീക്ഷാ നടത്തിപ്പ്, മൂല്യനിര്‍ണയം, പ്രമോഷന്‍, ക്ലീനിംഗ് ആവശ്യങ്ങള്‍ക്കായി സ്‌കൂള്‍ തുറക്കാനാണു അനുവാദമുള്ളത്. പരീക്ഷയ്ക്ക് ഒരു ബെഞ്ചില്‍ രണ്ടുപേര്‍ വീതമായിരിക്കും.

Similar Articles

Comments

Advertismentspot_img

Most Popular