തിരുവനന്തപുരം: തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകൾ കേന്ദ്രീകരിച്ച് പൊലീസ് ഇന്ന് മുതൽ കോവിഡ് പ്രതിരോധം കർശനമാക്കുന്നു. നിയന്ത്രണങ്ങൾക്കൊപ്പം ബോധവൽകരണത്തിലും ശ്രദ്ധിക്കാനാണു തീരുമാനം. ആരോഗ്യ പ്രവർത്തകരുടെ സഹകരണവും ഉറപ്പാക്കാൻ ഡിജിപിയുടെ നിർദേശമുണ്ട്. രോഗികളുടെ ഫോൺ കോൾ വിവരങ്ങളും ശേഖരിക്കും.
കോവിഡ് പ്രതിരോധത്തിലെ ഇടപെടലുകൾ ശക്തമായി തുടരാൻ തീരുമാനിച്ച പൊലീസിന്റെ അവലോകന യോഗത്തിലാണ് പ്രത്യേക പദ്ധതികളും തയാറാക്കിയത്. അതിതീവ്ര കോവിഡ് വ്യാപനം നടക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ പ്രത്യേക ശ്രദ്ധ ചെലുത്തും. മലപ്പുറത്ത് ഐജി അശോക് യാദവിനും ഡിഐജി കെ.സുരേന്ദ്രനും തിരുവനന്തപുരത്തെ ഐജിമാരായ ശ്രീജിത്ത്, ഹർഷിത അട്ടല്ലൂരി എന്നിവർക്കും ആലപ്പുഴയിൽ ഡിഐജി കാളി രാജ് മഹേഷ് കുമാറിനും പ്രത്യേക ചുമതല നൽകി.
സംസ്ഥാനത്തെ എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും ആൾക്കൂട്ടം ഒഴിവാക്കാൻ ടോക്കണ്‍ സംവിധാനം ഏര്‍പ്പെടുത്തല്‍, ഒറ്റയക്ക-ഇരട്ടയക്ക സമ്പ്രദായം ഉപയോഗിച്ച് വാഹനങ്ങള്‍ നിയന്ത്രിക്കല്‍ എന്നിവ നടപ്പിലാക്കുമെന്നും സൂചനയുണ്ട്. സമ്പർക്ക പട്ടിക തയാറാക്കാൻ ആരോഗ്യ പ്രവർത്തകരുടെ സഹകരണം തേടാനും നിർദേശമുണ്ട്. രോഗികളുടെ ഫോൺ കോൾ വിവരങ്ങൾ ശേഖരിച്ച് അവർ സഞ്ചരിച്ച സ്ഥലങ്ങൾ തിരിച്ചറിഞ്ഞുമായിരിക്കും സമ്പർക്ക പട്ടിക തയാറാക്കുന്നത്. പ്രാദേശിക എതിർപ്പുകൾ ഒഴിവാക്കാൻ പൊതുജനങ്ങളുടെ സഹകരണത്തോടെയുളള നിരീക്ഷണ സംവിധാനം ഫലപ്രദമായി നടപ്പാക്കുന്നതിന് ജനമൈത്രി പൊലീസിനെ വിനിയോഗിക്കും. ബോധവൽകരണത്തിനും പ്രത്യേക ശ്രദ്ധ ചെലുത്തും.