കോവിഡിൽ നിന്നും തന്നെ രക്ഷിച്ച ഡോക്ടറുടെ പേര് മകനിട്ട് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. വിൽഫ്രഡ് ലോറ നിക്കോളാസ് ജോൺസൺ എന്നാണ് കുഞ്ഞിന്റെ പേര്. നിക്ക് ഹർട്ട്, നിക്ക് പ്രൈസ് എന്നീ ഡോക്ടർമാരാണ് ബോറിസ് ജോൺസന്റെ കൊവിഡ് ചികിൽസ നടത്തിയത്. ഈ സ്നേഹത്തിന് പകരമായി മകന്റെ പേരിൽ നിക്കോളാസ് എന്ന് അദ്ദേഹം ചേർക്കുകയായിരുന്നു.
ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും(55) പങ്കാളി ക്യാരി സിമൻസി(32)നും ആൺകുഞ്ഞ് പിറന്നത് വലിയ വാർത്തയായിരുന്നു. അദ്ദേഹത്തിന്റെ മുൻ ഭാര്യ മറീന വീലറിൽ ജോൺസന് 4 കുട്ടികൾ ഉണ്ട്: അദ്ദേഹം ലണ്ടൻ മേയറായിരുന്നപ്പോഴുള്ള ബന്ധത്തിലും ഒരു കുട്ടിയുണ്ട്. പ്രധാനമന്ത്രിയായിരിക്കുമ്പോൾ ഡേവിഡ് കാമറണിനും ടോണി ബ്ലെയറിനും കുഞ്ഞു പിറന്നിരുന്നു.
കൺസർവേറ്റിവ് പാർട്ടിയുടെ കമ്യൂണിക്കേഷൻസ് മേധാവിയായിരുന്ന ക്യാരി സിമൻസ് അറിയപ്പെടുന്ന പരിസ്ഥിതി പ്രവർത്തകയാണ്. കോവിഡ് ചികിത്സ കഴിഞ്ഞ് തിങ്കളാഴ്ചയാണു ജോൺസൻ ജോലിയിൽ തിരികെ പ്രവേശിച്ചത്.