സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന നിയന്ത്രണങ്ങളോടെ ബസ് സര്‍വ്വീസ് നടത്താനില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചു. ഭാഗിക സര്‍വ്വീസുകള്‍ നിലവിലുള്ള നഷ്ടം ഇരട്ടിപ്പിക്കുമെന്നാണ് സ്വകാര്യ ബസുടമകളുടെ വാദം ഇക്കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്യുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ബസ്സ് ചാര്ജ്ജ് വര്‍ദ്ധിപ്പിക്കണമെന്ന ബസ്സുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഗതാഗതവകുപ്പ് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുകയാണ്. നിരക്ക് കൂട്ടാതെ മറ്റ് ഇളവുകളിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് നിയന്ത്രണങ്ങളുമായി ബസോടിക്കാനില്ലെന്ന് നിലപാടിലേക്ക് ബസുടമകള്‍ എത്തിയിരിക്കുന്നത്.
70 ശതമാനം സ്വകാര്യ ബസ്സുടമകളും ഒരു വര്‍ഷത്തേക്ക് സര്‍വ്വീസ് നിര്‍ത്തിവക്കുന്നതിന് ജിഫോം അപേക്ഷ നല്‍കിയിട്ടുണ്ട്. 12,000 ത്തോളം സ്വകാര്യ ബസ്സുകളാണ് സംസ്ഥാനത്ത് സര്‍വ്വീസ് നടത്തിയിരുന്നത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ എല്ലാ ബസ്സുകളും സര്‍വ്വീസ് നിര്‍ത്തിവച്ചിരിക്കുകയാണ്. ലോക്ഡൗണില്‍ തീര്‍ന്നാലും കുറച്ച് കാലത്തേക്ക് യാത്രക്കാര്‍ ബസ്സുകളില്‍ കയറാന്‍ വിമുഖത കാണിക്കും.
ഒരു സീറ്റില്‍ ഒരാള്‍ എന്ന രീതിയലുള്ള നിബന്ധനകള്‍ വരുമാനത്തില്‍ വലിയ ഇടിവുണ്ടാക്കും. ഈ സാഹചര്യത്തില്‍ യാത്രാ നിരക്ക് കൂട്ടുക, ഇന്ധന സബ്‌സിഡി അനുവദിക്കുക, വാഹന നികുതി പൂര്‍ണമായി ഒഴിവാക്കുക എന്നി ആവശ്യങ്ങളാണ് പ്രവൈറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.