അമ്മയെ ഒരു നോക്ക് കാണാനും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണം; ഇന്ത്യയിലെത്താന്‍ അവസരത്തിനായി കാത്ത് സുരേഷ് ബാബു

വാഷിങ്ടന്‍: 24 വര്‍ഷത്തില്‍ അധികമായി യുഎസില്‍ സ്ഥിര താമസമാക്കിയ സുരേഷ് ബാബു മുത്തുപാണ്ടി അമ്മയുടെ വിയോഗത്തെ തുടര്‍ന്ന് നാട്ടിലേക്കു വരാനിരിക്കെയാണ് ലോക്ഡൗണ്‍ എത്തിയത്. കൊറോണ വൈറസ് ലോകമാകെ പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയതോടെ ഇന്ത്യ മാര്‍ച്ച് 22 ന് ശേഷമുള്ള എല്ലാ രാജ്യാന്തര വിമാന സര്‍വീസുകളും റദ്ദാക്കി. മൂന്ന് ദിവസങ്ങള്‍ക്കു ശേഷം ആഭ്യന്തര സര്‍വീസുകളും നിര്‍ത്തി. മേയ് മൂന്നുവരെ ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ഇനിയെന്ന് രാജ്യാന്തര വിമാനങ്ങള്‍ ഇന്ത്യയില്‍ ഇറങ്ങുമെന്ന് ആര്‍ക്കും ധാരണയില്ല.

മറ്റു വഴികളില്ലാതെ സുരേഷ്ബാബു അമ്മയുടെ മൃതദേഹം 30 ദിവസത്തേക്ക് എംബാം ചെയ്തു സൂക്ഷിച്ചിരിക്കുകയാണ്. അമ്മയെ ഒരു നോക്ക് കാണാനും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനും ഇന്ത്യയിലെത്താന്‍ അവസരത്തിനായി കാത്തിരിക്കുകയാണ് സുരേഷ്. ഇന്ത്യയിലേക്കുള്ള രാജ്യാന്തര സര്‍വീസുകളെല്ലാം നിര്‍ത്തലാക്കിയതോടെ ആയിരക്കണക്കിന് ഇന്ത്യക്കാരാണ് യുഎസില്‍ കുടുങ്ങി കിടക്കുന്നത്. ഇങ്ങനെയുള്ള 600 ഇന്ത്യക്കാര്‍ ചേര്‍ന്ന് ‘യുഎസ്എ ടു ഇന്ത്യ ഇവാക്വേഷന്‍ ഫ്‌ലൈറ്റ്‌സ്’ എന്ന പേരില്‍ ഫെയ്‌സ്ബുക് ഗ്രൂപ്പും ഉണ്ടാക്കി. ഇന്ത്യയിലേക്ക് എത്തിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ ഇന്ത്യന്‍ എംബസിക്ക് അപേക്ഷ നല്‍കി.

ഗ്രൂപ്പില്‍ 2,100ല്‍ അധികം പേരാണ് ഇപ്പോഴുള്ളത്. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ടൂറിസ്റ്റ് വീസയില്‍ എത്തിയ യാത്രക്കാര്‍, വിദ്യാര്‍ഥികള്‍, തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ എന്നിവരെല്ലാം ഇന്ത്യയിലേക്കുള്ള മടക്കത്തിനായി കാത്തിരിക്കുകയാണ്. ഇന്ത്യയിലെ ലോക്ഡൗണ്‍ എടുത്തുമാറ്റുന്നതുവരെ വിമാനങ്ങളൊന്നും ലഭ്യമല്ലെന്നാണു ഇന്ത്യന്‍ ഹൈകമ്മീഷന്റെ പ്രതികരണം. ഇതൊരു അടിയന്തര സാഹചര്യമല്ലാതെ പിന്നെന്താണ്? അവസാനമായി ഒരു നോക്കു കാണാതെ അമ്മയെ സംസ്‌കരിക്കാന്‍ അനുവദിക്കാനാകില്ല’– ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറലിന് അയച്ച മെയിലില്‍ സുരേഷ് മുത്തുപാണ്ടി പ്രതികരിച്ചു. ‘ഒരു സ്വകാര്യ ജെറ്റ് വാടകയ്ക്ക് എടുക്കാന്‍ ഞാന്‍ തയാറാണ്. അധികൃതരുടെ ദയവിനായി ഞാന്‍ അപേക്ഷിക്കുന്നു. അവസാനമായി എന്റെ അമ്മയെ കാണാന്‍ അനുവദിക്കൂ– അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7