കോവിഡ് വളര്‍ത്തുമൃഗങ്ങളിലേക്കും; യുഎസില്‍ ആശങ്കയേറുന്നു

ന്യൂയോര്‍ക്ക്: യുഎസില്‍ കോവിഡ്19 വളര്‍ത്തുമൃഗങ്ങളിലേയ്ക്കും പകരുന്നതായി റിപ്പോര്‍ട്ട്. മൃഗശാലകളില്‍ വന്യ മൃഗങ്ങള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ യുഎസില്‍ ആദ്യമായി വളര്‍ത്തുമൃഗങ്ങള്‍ക്കും രോഗ ബാധ സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കില്‍ രണ്ടു വളര്‍ത്തുപൂച്ചകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

ന്യൂയോര്‍ക്കില്‍ രണ്ടിടങ്ങളിലായുള്ള പൂച്ചകള്‍ക്കാണ് രോഗ ബാധ കണ്ടെത്തിയിരിക്കുന്നതെന്ന് അഗ്രികള്‍ച്ചര്‍ ആന്‍ഡ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വിഭാഗം വ്യക്തമാക്കി. രണ്ടു പൂച്ചകള്‍ക്കും സാരമായ രീതിയില്‍ ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളാണ് പ്രകടമായിരിക്കുന്നത്. ഉടന്‍ തന്നെ ഭേദമാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രോഗ ബാധ കണ്ടെത്തിയ ഒരു പൂച്ചയുടെ ഉടമയ്ക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ മറ്റ് പൂച്ച വളരുന്ന വീട്ടില്‍ ഒരാള്‍ പോലും രോഗ ബാധിതരില്ല. വീടിനു പുറത്ത് വച്ച് രോഗ ബാധിതനായ ഒരാളില്‍ നിന്നാകാം രോഗം പകര്‍ന്നതെന്നാണ് അധികൃതരുടെ അനുമാനം. അതേസമയം ഇതേ വീട്ടിലുള്ള മറ്റൊരു പൂച്ചയ്ക്ക് ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ അമേരിക്കയില്‍ മൃഗശാലയില്‍ കടുവയ്ക്കും സിംഹങ്ങള്‍ക്കും കോവിഡ് ബാധ കണ്ടെത്തിയിരുന്നു. ന്യൂയോര്‍ക്കിലെ ബ്രോണ്‍ക്‌സ് സൂവിലുള്ള ഒരു കടുവയ്ക്കാണ് രോഗ ബാധ കണ്ടെത്തിയത്. ന്യൂയോര്‍ക്കില്‍ ഇതുവരെ 15,000 പേരാണ് കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7