കൊറോണ വൈറസ് വ്യാപനം പരന്നതോടെ നിരവധി പേര്‍ സഹായവുമായി എത്തിയിട്ടുണ്ട്.വഴിയില്‍ കുടുങ്ങിപ്പോയ അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം വിവരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും എത്തിയിരിക്കുന്നു. ദേശീയ ടീമില്‍ സഹതാരമായ യുസ്‌വേന്ദ്ര ചെഹലുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ നടത്തിയ സംഭാഷണത്തിലാണ് അവിചാരിതമായി ഒരു അതിഥി തൊഴിലാളിയെ സഹായിച്ച സംഭവം ഷമി വിവരിച്ചത്. ആ സംഭവത്തോടെ അതിഥി തൊഴിലാളികളുടെ ദുരിതം മനസ്സിലാക്കിയ താന്‍, പ്രാദേശിക സംഘടനകളുടെ സഹായത്തോടെ ഇത്തരക്കാര്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണെന്നും ഷമി വെളിപ്പെടുത്തി. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ അംറോഹയിലുള്ള വീട്ടിലാണ് ഷമി ഇപ്പോള്‍.
ഏപ്രില്‍ 14നാണ് ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റില്‍ മുഹമ്മദ് ഷമിയും യുസ്‌വേന്ദ്ര ചെഹലും മുഖാമുഖമെത്തിയത്. ഈ അവസരത്തിലാണ് തന്റെ വീടിനു മുന്നില്‍ മോഹാലസ്യപ്പെട്ടു വീണ ബിഹാറില്‍നിന്നുള്ള അതിഥി തൊഴിലാളിയെ സഹായിച്ച വിവരം ഷമി വിവരിച്ചത്. വീടിനുള്ളിലായിരുന്ന ഷമി അവിചാരിതമായാണ് വീടിനു പുറത്ത് ഒരാള്‍ കുഴഞ്ഞുവീഴുന്നത് സിസിടിവിയില്‍ കണ്ടത്. ലോക്ഡൗണില്‍ കുടുങ്ങിയതോടെ രാജസ്ഥാനില്‍നിന്ന് ബിഹാറിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളിയായിരുന്നു അത്. ഷമി പറഞ്ഞത് ഇങ്ങനെ…
‘അദ്ദേഹം രാജസ്ഥാനില്‍നിന്ന് വരികയായിരുന്നു. അദ്ദേഹത്തിന് പോകേണ്ടത് ബിഹാറിലേക്കും. ലക്‌നൗവില്‍നിന്നുതന്നെ എത്ര ദൂരം സഞ്ചരിച്ചാലാണ് അവിടെയെത്തുക! നാട്ടിലേക്കു പോകാന്‍ അദ്ദേഹത്തിന് മറ്റു വഴികളൊന്നുമുണ്ടായിരുന്നില്ല. വീട്ടിലെ സിസിടിവിയില്‍ അവിചാരിതമായാണ് അദ്ദേഹം തളര്‍ന്നുവീണത് ഞാന്‍ കണ്ടത്. ഭക്ഷണവും വെള്ളവും ലഭിക്കാതെ ആകെ തളര്‍ന്ന അവസ്ഥയിലായിരുന്നു അയാള്‍. ഉടന്‍തന്നെ ഞാന്‍ അദ്ദേഹത്തിന് ഭക്ഷണവും വെള്ളവുമെത്തിച്ചു. താമസവും തരപ്പെടുത്തി’ – ഷമി വിവരിച്ചു.
ഈ സംഭവത്തോടെയാണ് അതിഥി തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതം പൂർണമായും മനസ്സിലായതെന്ന് ഷമി പറഞ്ഞു. ഇപ്പോൾ പ്രാദേശിക സംഘടനകളുടെ സഹായത്തോടെ അതിഥി തൊഴിലാളികൾക്ക് ഭക്ഷണം ഉൾപ്പെടെ എത്തിക്കുന്ന തിരക്കിലാണ്. അവർക്ക് താമസസൗകര്യവും ഒരുക്കുന്നുണ്ട്. നമുക്കായി കഠിനാധ്വാനം ചെയ്യുന്നവരാണ് ഇവരെല്ലാം. ഇപ്പോൾ കഠിനമായ ജീവിതവഴിയിലൂടെയാണ് അവരുടെ യാത്ര. പ്രധാന പാതയുടെ സമീപത്താണ് എന്റെ വീട്. അതുകൊണ്ടുതന്നെ ആളുകളുടെ ദുരിതം നേരിട്ട് കാണാം. ഇപ്പോൾ അവർക്കെല്ലാം സഹായമെത്തിക്കാനുള്ള ശ്രമത്തിലാണ്’ – ഷമി വിവരിച്ചു.