കൊറോണയ്ക്കിടെ ‘കടിപിടി’ ; പിണറായി വിജയന് മുല്ലപ്പള്ളിയോട് പണ്ടുമുതലേ കുഞ്ഞായ്മയുണ്ടെന്ന് ചെന്നിത്തല

കൊറോണ വ്യാപനം തടയാനുള്ള കഠിനശ്രമത്തിലാണ് എല്ലാവരും. അതിനിടെ ഭരണ പ്രതിപക്ഷ കക്ഷികള്‍ തമ്മില്‍ വന്‍ ‘അടിപിടിയാണ്’. കെപിസിസി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍ തരംതാണതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി വിജയന് മുല്ലപ്പളളിയോട് പണ്ടുമുതലേ കുഞ്ഞായ്മയുണ്ട്. സിപിഐഎം കോട്ടയില്‍ നിന്ന് വിജയിച്ച മുല്ലപ്പളളിയോട് പിണറായി വിജയന് കുടിപ്പകയുണ്ടെന്നും എന്നാല്‍ അത് തീര്‍ക്കാന്‍ ഈ അവസരം ഉപയോഗിച്ചത് മോശമായിപ്പോയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

സംസ്ഥാനം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ അസഹിഷ്ണുതയോടെ കുശുമ്പു പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പ്രവാസികളെ സര്‍ക്കാര്‍ അവഗണിച്ചുവെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വാദം അടിസ്ഥാന രഹിതമാണ്. കെപിസിസി പ്രസിഡന്റ് കഥയറിയാതെ ആട്ടം കാണുകയാണ്. എല്ലാം എതിര്‍ക്കുകയെന്നതാണ് പ്രതിപക്ഷ നേതാവിന്റെ നയം. ആക്ഷേപിക്കുന്നവര്‍ ഇത്രയും ഇടുങ്ങിയ മനസ് ദുരന്തമുഖത്ത് എങ്കിലും ഉപേക്ഷിക്കണം. കേരളത്തെ അപമാനിക്കാന്‍ നോക്കിനടക്കുകയാണ് പ്രതിപക്ഷമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ചില ആളുകള്‍ എത്രകാലം കഴിഞ്ഞാലും മാറില്ലെന്നതിന്റെ തെളിവാണിത്. കോണ്‍ഗ്രസിന്റെ സ്വരമാണ് മുല്ലപ്പള്ളി രാമചന്ദ്രനിലൂടെ പുറത്തുവരുന്നത്. പ്രവാസി പ്രമുഖരുമായുള്ള ചര്‍ച്ച പ്രഹസനമാണെന്ന് ആദ്ദേഹം പറയുന്നത്. യഥാര്‍ത്ഥത്തില്‍ കഥയറിയാതെ അദ്ദേഹം ആട്ടം കാണുകയാണ്. ഇന്ത്യക്ക് പുറത്തുള്ള മലയാളി സമൂഹത്തിലെ പ്രമുഖരും സാധാരണക്കാരും സംഘടനാ നേതാക്കളും പ്രെഫഷണലുകളും അതില്‍ പങ്കെടുത്തിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ അതത് പ്രദേശത്ത് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ലോകകേരളസഭാ അംഗങ്ങള്‍ക്ക് കത്ത് അയച്ചിരുന്നു. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ നോര്‍ക്കയില്‍ പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി. ഇതിനുശേഷമാണ് വീഡിയോ കോണ്‍ഫറന്‍സ് നടത്തിയത്. 20 രാജ്യങ്ങളില്‍ ഇടപെടാന്‍ കഴിയുന്ന 40 ഓളം പേരുമായാണ് വിഡിയോ കോണ്‍ഫറന്‍സ് നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ഗള്‍ഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ശതകോടീശ്വരന്മാരുമായി മാത്രം ചര്‍ച്ച ചെയ്ത മുഖ്യമന്ത്രിയുടെ നടപടി വെറും പ്രഹസനമായിപ്പോയെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വിമര്‍ശനം. പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും നിര്‍ദേശിക്കാന്‍ കഴിയുന്ന പ്രവാസി സംഘടനകളേയും സാധാരണക്കാരായ പ്രവാസികളെയും പൂര്‍ണമായി ഒഴിവാക്കിക്കൊണ്ടാണ് ചര്‍ച്ച നടത്തിയത്. ശതകോടീശ്വരന്മാരുമായുള്ള സര്‍ക്കാരിന്റെയും സിപിഐഎമ്മിന്റെയും ബന്ധം ഊട്ടി ഉറപ്പിക്കാന്‍ വേണ്ടിയുള്ള പാലമായി ഈ ദുരന്തകാലത്തെ ഉപയോഗിച്ചത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular