ലൈംഗികാതിക്രമ പരാതി; പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു

തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്നു പി.കെ.ശശി എംഎല്‍എയെ ആറു മാസത്തേക്ക് സിപിഎം സസ്‌പെന്‍ഡു ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടേതാണ് അച്ചടക്കനടപടി. ശശിയുടെ വിശദീകരണം ചര്‍ച്ച ചെയ്ത ശേഷമാണ് കമ്മിറ്റി നടപടിയെടുത്തത്. ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ കമ്മറ്റി അംഗമായ യുവതി നല്‍കിയ പരാതിയിലാണ് നടപടി ഷൊര്‍ണൂര്‍ എംഎല്‍എയായ ശശിയ്‌ക്കെതിരെ നടപടി എടുത്തിരിക്കുന്നത്. സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്‍ഷന്‍. നിലവില്‍ പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗമാണ് പി.കെ.ശശി.
ശശിക്കെതിരെ നടപടി വേണമെന്ന് പരാതി അന്വേഷിച്ച എ.കെ.ബാലന്‍ – പി.കെ.ശ്രീമതി കമ്മിഷന്‍ കണ്ടെത്തിയിരുന്നു. ലൈംഗിക അതിക്രമം ഉണ്ടായിട്ടില്ലെന്നും ഫോണിലൂടെ മോശമായി സംസാരിച്ചതിനു നടപടിയെടുക്കാമെന്നും കമ്മിഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. യുവതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം മുഖ്യ തെളിവായി റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു.
അതേസമയം, ഈ നിലപാടിനെച്ചൊല്ലി കമ്മിഷനില്‍ തര്‍ക്കവുമുണ്ടായി. പരാതി വിഭാഗീയതയുടെ ഭാഗമാണെന്ന എ.കെ.ബാലന്റെ അഭിപ്രായം പി.കെ.ശ്രീമതി അംഗീകരിച്ചില്ല. വിഭാഗീയതയാണ് ആരോപണത്തിനു പിന്നിലെന്ന പരാമര്‍ശം റിപ്പോര്‍ട്ടിലില്ല. വാദപ്രതിവാദങ്ങള്‍ക്കു ശേഷം ഏകകണ്ഠമായാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
യുവതി നല്‍കിയ പരാതിയില്‍ പാര്‍ട്ടി പി.കെ.ശശിയുടെ വിശദീകരണം തേടി. ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും അപമര്യാദയായി പെരുമാറിയില്ലെന്നുമാണ് ശശിയുടെ വിശദീകരണം. ഇതു ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി. സിപിഎമ്മിന്റെ ഭരണഘടന അനുസരിച്ച് ആറ് തരത്തിലുള്ള അച്ചടക്ക നടപടികളാണ് സ്വീകരിക്കാന്‍ കഴിയുക. താക്കീത്, ശാസന, പരസ്യ ശാസന, പാര്‍ട്ടിയില്‍ വഹിക്കുന്ന സ്ഥാനത്തുനിന്നു നീക്കം ചെയ്യല്‍, ഒരു കൊല്ലത്തില്‍ കവിയാത്ത കാലയളവിലേക്ക് അംഗത്വം സസ്‌പെന്‍ഡ് ചെയ്യല്‍, പാര്‍ട്ടിയില്‍നിന്ന് പുറത്താക്കല്‍.
പി.കെ.ശശിക്കെതിരായി നടപടി വേണമെന്ന അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്‌തെങ്കിലും പി.കെ.ശശി പാര്‍ട്ടി ജാഥ നയിക്കുകയാണെന്ന കാരണം ചൂണ്ടിക്കാട്ടി അന്നത്തെ സംസ്ഥാന കമ്മറ്റി യോഗത്തിനു ശുപാര്‍ശ സമര്‍പ്പിക്കാതെ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശശിക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിക്കു കത്തു നല്‍കിയിരുന്നു.സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും എംഎല്‍എയുമായ പി.കെ. ശശി ഒരു പാര്‍ട്ടി പ്രവര്‍ത്തകയോട് പാര്‍ട്ടി നേതാവിനു യോജിക്കാത്ത വിധം സംഭാഷണം നടത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി പി.കെ.ശശിയെ 6 മാസത്തേക്ക് പാര്‍ട്ടി അംഗത്വത്തില്‍നിന്ന് സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചെന്നും ഈ തീരുമാനം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായി നടപ്പാക്കുമെന്നും പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
പി.കെ. ശശിക്കെതിരായ പീഡനപരാതിയില്‍ ഉത്തരം പറയേണ്ടത് സിപിഎമ്മാണെന്നും ഡിവൈഎഫ്‌ഐ അല്ലെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മനോരമ ഓണ്‍ലൈനിന്റെ പ്രത്യേക അഭിമുഖ പരമ്പരയായ മറുപുറത്തില്‍ പ്രതികരിച്ചിരുന്നു. റഹിമിന്റെ പ്രതികരണം

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7