ലിസ്ബണ്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോകം ലോക്ഡൗണിലായതോടെ കായികക്ഷമത നിലനിര്‍ത്താനും സമയം കളയാനും വ്യത്യസ്തമായ വഴികള്‍ തേടുകയാണ് ആളുകള്‍. ഇതിനിടെയാണ് ‘കോര്‍ ക്രഷര്‍ ചാലഞ്ചു’മായി ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ രംഗപ്രവേശം. കായികക്ഷമതയില്‍ ലോകത്ത് ഏറ്റവും മുന്‍നിരയിലുള്ള താരങ്ങളിലൊരാളായ റൊണാള്‍ഡോ, വ്യായാമത്തില്‍ തന്നെ തോല്‍പ്പിക്കാമോ എന്ന വെല്ലുവിളിയുമായാണ് രംഗത്തെത്തിയത്.
സംഭവം ഇതാണ്; കിടന്നുകൊണ്ട് കാല്‍ ഉയര്‍ത്തി കൈകള്‍കൊണ്ട് കാലില്‍ തൊടണം. 45 സെക്കന്‍ഡുകൊണ്ട് 142 തവണയാണ് റൊണാള്‍ഡോ കിടന്ന കിടപ്പില്‍ ഉയര്‍ത്തിപ്പിടിച്ച കാലുകളില്‍ കൈകൊണ്ടു തൊട്ടത്. ഇതിന്റെ വിഡിയോ പങ്കുവച്ചാണ് സൂപ്പര്‍താരം മറ്റുള്ളവരെ ചാലഞ്ച് ചെയ്തത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കളിക്കുന്ന പോര്‍ച്ചുഗീസ് താരങ്ങളായ ബ്രൂണോ ഫെര്‍ണാണ്ടസും ഡിയേഗോ ഡാലോട്ടും ശ്രമിച്ചുനോക്കിയെങ്കിലും റൊണാള്‍ഡോയെ തോല്‍പ്പിക്കാനായില്ല. ബ്രൂണോ ഫെര്‍ണാണ്ടസ് 45 സെക്കന്‍ഡില്‍ 117 തവണയും ഡാലോട്ട് 105 തവണയുമാണ് കിടന്നുകൊണ്ട് ഉയര്‍ത്തിപ്പിടിച്ച കാലില്‍ തൊട്ടത്. അതേസമയം, ലിവര്‍പൂളിന്റെ സ്വിറ്റ്‌സര്‍ലന്‍ഡ് താരം ഷെര്‍ദാന്‍ ഷാക്കീരി ചാലഞ്ച് ഏറ്റെടുത്തെങ്കിലും 80 തവണ മാത്രമാണ് കാലില്‍ തൊടാനായത്.
പക്ഷേ, രണ്ടുപേരാണ് ഇതുവരെ ഈ ചാലഞ്ചില്‍ റൊണാള്‍ഡോയെ തോല്‍പ്പിച്ചത്. ഒന്ന് ദക്ഷിണാഫ്രിക്കയുടെ മധ്യദൂര ഓട്ടക്കാരി കാസ്റ്റര്‍ സെമന്യ. 45 സെക്കന്‍ഡുകൊണ്ട് 176 തവണയാണ് അവര്‍ കാലില്‍ തൊട്ടത്. അതായത് റൊണാള്‍ഡോയേക്കാള്‍ 34 എണ്ണം കൂടുതല്‍. ഇതിന്റെ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. ഇതിനു പിന്നാലെ ഇംഗ്ലിഷ് ക്ലബ് ലിവര്‍പൂളിനു കളിക്കുന്ന കൗമാരതാരം ഹാര്‍വി എലിയട്ടും ചാലഞ്ച് ഏറ്റെടുത്ത് റൊണാള്‍ഡോയെ പിന്തള്ളി. 45 സെക്കന്‍ഡ് കൊണ്ട് 146 തവണയാണ് പതിനേഴുകാരനായ എലിയട്ട് കാലില്‍ തൊട്ടത്. റൊണാള്‍ഡോയേക്കാള്‍ നാല് എണ്ണം കൂടുതല്‍.