ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മരുന്നുകളുടെ കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയ നിരോധനം ഭാഗികമായി ഇന്ത്യ നീക്കി. കൊറോണ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉള്‍പ്പെടെ 24 ഇനം മരുന്നുകളും അവയുടെ ചേരുവുകളും കയറ്റുമതി ചെയ്യുന്നതിനുള്ള നിയന്ത്രണമാണ് എടുത്തുമാറ്റിയത്.
നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ല, നിലവില്‍ യുഎസ്സില്‍ നിന്നുള്ള ഓര്‍ഡറുകള്‍ ക്ലിയര്‍ ചെയ്യും. ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് ശേഷമുള്ള ലഭ്യത കൂടി കണക്കാക്കിയതിനു ശേഷം മാത്രമേ തുടര്‍ന്നുള്ള മറ്റ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുകയുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. മനുഷ്യത്വപരമായ സമീപനത്തിന്റെ ഭാഗമായി കോവിഡ്19 വളരെ മോശമായി ബാധിച്ച രാജ്യങ്ങളിലേക്ക് പാരസെറ്റാമോള്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്നീ മരുന്നുകള്‍ ഇന്ത്യ കയറ്റുമതി ചെയ്യും. ഈ വിഷയത്തെ രാഷ്ട്രീയവത്കരിക്കാനുള്ള ശ്രമങ്ങളെ രാജ്യം ഒരിക്കലും പിന്തുണയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
കോറോണ രോഗികളെ ചികിത്സിക്കാന്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഉപയോഗിക്കാമെന്ന് കഴിഞ്ഞദിവസമാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്‍) നിര്‍ദ്ദേശിച്ചത്. ഇത് പ്രകാരം 24 മരുന്നുകളുടെയും മറ്റ് കോവിഡ് രോഗ ബാധിതരുടെ ചികിത്സയ്!ക്കാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുടെയും കയറ്റുമതി ഇന്ത്യ മാര്‍ച്ച് 25നാണ് നിരോധിച്ചത്. രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളെന്നോണമാണ് ഇത് ചെയ്തത്.
എന്നാല്‍ ഇന്ത്യയുടെ തീരുമാനം യുഎസ്സില്‍ കടുത്ത ആഘാതം സൃഷ്ടിച്ചു. യു.എസില്‍ ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെ പകുതിയും ഇന്ത്യയില്‍ നിന്നാണ് എത്തുന്നത്. യു.എസിലേക്ക് ഏറ്റവും കൂടുതല്‍ ഹൈഡ്രോക്‌സി ക്ലോറൈകൈന്‍ കയറ്റുമതി ചെയ്‌യുന്നത് അഹമ്മദാബാദ് ആസ്ഥാനമായ സൈദസ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്.
കയറ്റുമതി നിരോധിച്ച ഇന്ത്യയുടെ തീരുമാനത്തിന് പിന്നാലെ മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപും രംഗത്തുവന്നു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌യുന്നതിനുള്ള നിയന്ത്രണം നീക്കണമെന്നും അല്ലാത്തപക്ഷം തിരിച്ചടി നേരിടേണ്ടി വരുമെന്നും വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.