ഇന്ത്യയില്‍നിന്നും മരുന്ന് കയറ്റുമതി ചെയ്യാമോ..?

ന്യൂഡല്‍ഹി: കോവിഡ്19 ചികിത്സയ്ക്ക് സഫലപ്രദമെന്ന് കരുതുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നിന് പുറമെ പനി നിയന്ത്രിക്കുന്നതിനുള്ള പാരസെറ്റമോളിനും വിവിധ രാജ്യങ്ങളില്‍നിന്നും ആവശ്യമുയരുന്നു. ലോകത്തിലേറ്റവും കൂടുതല്‍ പാരസെറ്റമോള്‍ ഗുളികകള്‍ ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.

പ്രതിമാസം 5,600 മെട്രിക് ടണ്‍ പാരസെറ്റമോള്‍ ഗുളികകളാണ് ഇന്ത്യ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‍ മാസം 200 മെട്രിക് ടണ്‍ മാത്രമേ ആവശ്യമായി വരുന്നുള്ളു. ബാക്കിയുള്ളവയെല്ലാം ഇറ്റലി, ജര്‍മനി, യുകെ, അമേരിക്ക, സ്‌പെയിന്‍, കാനഡ എന്നീ രാജ്യങ്ങളിലേക്കാണ് കയറ്റുമതി ചെയ്യുന്നത്. പാരസെറ്റമോളിന്റെ കയറ്റുമതിയിലൂടെ ഇന്ത്യയ്ക്ക് 730 കോടി രൂപയാണ് പ്രതിവര്‍ഷം ലഭിക്കുന്നത്.

കോവിഡ് പകരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളിലൊന്നാണ് പാരസെറ്റമോള്‍. എന്നാല്‍ കോവിഡ് ബാധ ഏറ്റവും രൂക്ഷമായ രാജ്യങ്ങളിലൊന്നായ യു.കെയിലേക്ക് അവരുടെ ആവശ്യപ്രകാരം മരുന്നു കയറ്റുമതി ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ഇന്ത്യയുടെ തീരുമാനത്തിന് നന്ദി അറിയിച്ച് ഇന്ത്യയിലെ യു.കെ ആക്ടിങ് ഹൈക്കമ്മീഷണര്‍ ജാന്‍ തോംപ്‌സണ്‍ ട്വീറ്റ് ചെയ്തു. ആഗോള തലത്തിലുള്ള സഹകരണമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ പ്രധാനമെന്നും അദ്ദേഹം പറയുന്നു.

യു.കെയ്ക്കു പുറമെ മറ്റ് രാജ്യങ്ങളും പാരസെറ്റമോള്‍ ആവശ്യപ്പെട്ട് ഇന്ത്യയെ സമീപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയ, അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളാണ് കയറ്റുമതി നിരോധനത്തില്‍ ഇന്ത്യയോട് ഇളവ് ആവശ്യപ്പെട്ടിരിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അയല്‍ രാജ്യമായ ശ്രീലങ്കയില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ വന്നിട്ടുണ്ട്. എന്നാല്‍ കയറ്റുമതി നിയന്ത്രണമുള്ളതിനാല്‍ അനുമതി ഇല്ലാതെ കയറ്റി അയയ്ക്കാന്‍ സാധിക്കില്ല. നേരത്തെ മലേറിയ പ്രതിരോധത്തിനുള്ള ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്നുകള്‍ക്കുള്ള കയറ്റുമതി നിരോധനത്തില്‍ കേന്ദ്രം ഇളവ് നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular