തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒന്‍പത് പേര്‍ക്കു കൂടി കൊറോണ രോഗം സ്ഥിരീകരിച്ചു. ഇന്നു രോഗം വന്നവരില്‍ കാസര്‍കോടില്‍ നിന്ന് ഏഴു പേരാണുള്ളത്. തൃശൂരും കണ്ണൂരും ഓരോരുത്തര്‍. ചികിത്സയിലായിരുന്ന 14 പേര്‍ക്ക് ഇന്നു രോഗം മാറി. കണ്ണൂര്‍ 5, കാസര്‍കോട് 3, ഇടുക്കി 2, കോഴിക്കോട് 2, പത്തനംതിട്ട 1, കോട്ടയം 1 എന്നിങ്ങനെയാണ് രോഗം മാറിയവരുടെ കണക്ക്. ഇതുവരെ ഇവിടെ 295 പേര്‍ക്കു കൊറോണ സ്ഥിരീകരിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇന്ന് പോസിറ്റീവ് ആയവരുള്‍പ്പെടെ രോഗബാധയുണ്ടായ 206 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. ഏഴുപേര്‍ വിദേശികള്‍. രോഗികളുമായി സമ്പര്‍ക്കം മൂലം വൈറസ് ബാധിച്ചത് 78 പേര്‍. ഇന്നു രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ നിസാമുദ്ദീനില്‍ പരിപാടിക്ക് പോയി തിരിച്ചെത്തി നിരീക്ഷണത്തിലുള്ളയാളാണ്. രോഗ വ്യാപനം പിടിച്ചു നിര്‍ത്താന്‍ കഴിയുന്നു എന്നാണ് ഇതു കാണിക്കുന്നത്.
ലോകത്താകെ കൊറോണ രോഗം പടരുന്ന സാഹചര്യമാണ്. ഏറ്റവും കൂടുതല്‍ രോഗം ബാധിച്ചവര്‍ യുഎസിലാണ്. 187302 പേര്‍ക്ക് അവിടെ രോഗം ബാധിച്ചു. 3846 പേര്‍ മരിച്ചു. ഇറ്റലിയില്‍ 110574 പേര്‍ക്കാണ് രോഗം ബാധിച്ചത്. 13157 പേര്‍ മരിച്ചു. രോഗ വ്യാപനത്തിന്റെ ഗൗരവം ന്യൂയോര്‍ക്കിന്റെ അവസ്ഥ പരിശോധിച്ചാല്‍ മനസ്സിലാകും. വികസനം കൊണ്ടും സമ്പത്ത് കൊണ്ടും ഉയരങ്ങളില്‍നില്‍ക്കുന്ന പല നാടുകളെയും കോവിഡ് ബാധിച്ചിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ വേണം കേരളം കൊറോണയെ പ്രതിരോധിക്കുന്നതിനെ വിലയിരുത്തേണ്ടത്.