ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അപ്പുറം നീളില്ലെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 21 ദിവസത്തെ ലോക്ക് ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുമെന്ന് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
കോവിഡിനെതിരെ യുദ്ധം തുടങ്ങിയതേയുള്ളു. ലോക്ക് ഡൗണ്‍ അവസാനിച്ചാലും സഞ്ചാര നിയന്ത്രണങ്ങള്‍ തുടരും. തെരുവില്‍ ഇറങ്ങാനുള്ള അവസരമായി ഇതിനെ കാണരുത്. കോവിഡിനെതിരെ നീണ്ട പോരാട്ടമാണ് വേണ്ടത്. എല്ലാവരും ഒറ്റക്കെട്ടായി പോരാടം. സാമൂഹിക അകലം പാലിക്കണം. എല്ലാ വിശ്വാസപ്രമാണങ്ങളും മാറ്റിവച്ചുള്ള പോരാട്ടമാണ് വേണ്ടത്. ഏപ്രില്‍ 4ന് ശേഷവും സഞ്ചാര നിയന്ത്രണം തുടരും.
ലോക്ക്ഡൗണ്‍ അവസാനിച്ച ശേഷവും കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷാ സന്നാഹങ്ങള്‍ പാലിക്കണം. മാസ്‌കുകള്‍ ധരിക്കണം, സാമൂഹിക അകലം, ശുചിത്വം എന്നിവ പാലിക്കണം. രോഗബാധ തീവ്രമാകാന്‍ സാധ്യതയുള്ള 22 സ്ഥലങ്ങള്‍ കൂടി തിരിച്ചറിഞ്ഞതായും പ്രധാനമന്ത്രി വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി അവലോകന ചര്‍ച്ച നടത്തിയത്. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ഡോ.ഹര്‍ഷവര്‍ദ്ധന്‍ തുടങ്ങിയവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.