കൊറോണ വൈറസ് ബാധ പാശ്ചാത്യ രാജ്യങ്ങളെ പിടിച്ചുലക്കാൻ തുടങ്ങിയ സമയത്ത് തന്നെ താഴാൻ തുടങ്ങിയതായിരുന്നു ഇന്ധന വില. എന്നാൽ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വില താഴ്ന്നിട്ടും ഇന്ത്യയിലെ എണ്ണ വിലയിൽ വലിയ മാറ്റങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോൾ അസംസ്‌കൃത എണ്ണയുടെ വില വിപണിയിൽ തകർന്നടിഞ്ഞിരിക്കുകയാണ്. 18 വർഷത്തേ ഏറ്റവും താഴ്ന്ന വിലയാണ് എണ്ണയ്ക്ക് വിപണിയിൽ. ബാരലിന് 20 ഡോളറാണ് ഇപ്പോഴത്തെ അസംസ്‌കൃത എണ്ണ വില. ഇന്ത്യ ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡ് ഓയിൽ ബാരലിന് 22 ഡോളറാണ്.
ലോക രാജ്യങ്ങളിൽ അടച്ചുപൂട്ടൽ തുടരുന്നതിനിടെ എണ്ണക്കമ്പനികളും ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. പക്ഷേ അസംസ്‌കൃത എണ്ണയുടെ വില ഇത്രയേറെ താഴ്ന്നിട്ടും അതിന് ആനുപാതികമായ കുറവ് ഇന്ത്യയിൽ എണ്ണയ്ക്ക് ഉണ്ടായിട്ടില്ല.
കമ്പനികൾ വില കുറച്ചില്ല. അതിനിടയിൽ കേന്ദ്ര സർക്കാർ എക്‌സൈസ് തീരുവ വർധിപ്പിക്കുകയുണ്ടായി. വരുമാനം ലക്ഷ്യമിട്ടായിരുന്നു കേന്ദ്ര സർക്കാർ നീക്കം. ഡീസലിന് 65.9 രൂപയും പെട്രോളിന് 71.76 രൂപയുമാണ് ഇപ്പോൾ കൊച്ചിയിൽ ഇന്ധന വില.