കടുത്ത നിലപാടുമായി കര്‍ണാടക; അതിര്‍ത്തി തുറക്കില്ലെന്ന് ഹൈക്കോടതിയില്‍

കൊച്ചി: മംഗലാപുരത്തെ കേരള അതിര്‍ത്തി റോഡ് തുറന്നു നല്‍കാനാവില്ലെന്ന നിലപാട് വ്യക്തമാക്കി കര്‍ണാടക സര്‍ക്കാര്‍, കേരള ഹൈക്കോടതിയില്‍. കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ അത് കര്‍ണാടകയിലേക്ക് വ്യാപിക്കാതെ ശ്രദ്ധിക്കേണ്ടതിനാലാണ് ഇതെന്നും വാദിച്ചു.

അവിടത്തെ ആശുപത്രികള്‍ കോവിഡ് 19 രോഗ ചികിത്സകള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ മംഗലാപുരത്ത് ചികിത്സിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കര്‍ണാടക വ്യക്തമാക്കി. അതിര്‍ത്തി അടച്ച കര്‍ണാടകയുടെ നടപടിയെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ രോഗികള്‍ അതിര്‍ത്തിക്ക് അപ്പുറത്തുള്ള ആശുപത്രിയില്‍ എത്താനാകാതെ വലയുന്നത് ശ്രദ്ധയില്‍പെട്ട ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ് കര്‍ണാടകയോട് വിശദീകരണം തേടിയത്.

നിലവില്‍ വയനാട് വഴി കേരളത്തിലേക്കു രണ്ടു റോഡുകള്‍ തുറന്നിട്ടുണ്ട്. സുല്‍ത്താന്‍ ബത്തേരി ഗുണ്ടല്‍ പെട്ട്, മാനന്തവാടി സര്‍ഗുര്‍ മൈസൂര്‍ റോഡുകള്‍ ആണ് തുറന്നിട്ടുള്ളത്. ഇരിട്ടികൂട്ടുപുഴ കൂര്‍ഗ്‌മൈസൂര്‍ റോഡ് തുറക്കുന്ന കാര്യം കണ്ണൂര്‍ കലക്ടര്‍ കത്ത് നല്‍കിയാല്‍ പരിഗണിക്കും. നിലവിലെ സാഹചര്യത്തില്‍ കാസര്‍കോട് മംഗലാപുരം അതിര്‍ത്തിയിലെ റോഡുകള്‍ തുറക്കാനാകില്ലെന്നും കര്‍ണാടക വ്യക്തമാക്കി.

അതേസമയം കേരളത്തില്‍ നിന്നു അടിയന്തര ചികിത്സ ആവശ്യമായ രോഗികളെ പരിശോധിക്കാന്‍ സാധിക്കുന്ന മംഗലാപുരത്തെ രണ്ടു ആശുപത്രികള്‍ ഏതൊക്കെയെന്ന് അറിയിക്കണമെന്നും കര്‍ണാടകയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. മംഗലാപുരത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ ആളുകളെ ചികിത്സയ്ക്കായി കര്‍ണാടകത്തിലേക്ക് പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ അറിയിക്കാമെന്ന് ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്. വീഡിയോ കോണ്‍ഫെറെന്‍സിങ് വഴിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഇന്ന് കേസ് പരിഗണിച്ചത്.

കേരള അതിര്‍ത്തി അടച്ച കര്‍ണാടക സര്‍ക്കാര്‍ നടപടിയോടു കഴിഞ്ഞ ദിവസം കേസ് പരിഗണിക്കുമ്പോള്‍ ഹൈക്കോടതി വിയോജിപ്പ് വ്യക്തമാക്കിയിരുന്നു. മഹാമാരിയെ ചെറുക്കുന്നതിന്റെ പേരില്‍ മനുഷ്യജീവന്‍ പൊലിയരുതെന്ന് വ്യക്തമാക്കിയ കോടതി കേന്ദ്രവും കര്‍ണാടക സര്‍ക്ക!ാരും അവസരത്തിനൊത്ത് ഉയരണമെന്നും ദേശീയപാത അടയ്ക്കാന്‍ ഒരു സംസ്ഥാനത്തിന് അധികാരമില്ലെന്നും വ്യക്തമാക്കി. പ്രശ്‌നം രമ്യമായി പരിഹരിക്കണമെന്നും ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതാണ്. ചരക്കുനീക്കവും ചികിത്സാ സേവനവും അവശ്യ സര്‍വീസാണെന്ന് കേന്ദ്രസര്‍ക്കാരും വിശദീകരിച്ചിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7