മുഖ്യമന്ത്രിയുടെ കത്തില്‍ ഉടന്‍ നടപടി; കര്‍ണാടകയ്ക്ക് തിരിച്ചടി; അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

അതിര്‍ത്തികള്‍ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. തലശ്ശേരി കൂര്‍ഗ് പാതയിലെ കര്‍ണാടക അതിര്‍ത്തി അടച്ച നടപടി ഒഴിവാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. നടപടി ഉറപ്പാക്കാന്‍ കര്‍ണാടക ബിജെപി നേതാവ് സദാനന്ദ ഗൗഡയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലേക്കുള്ള ചരക്കുനീക്കത്തിന്റെ പ്രധാനപ്പെട്ട പാതയാണ് തലശ്ശേരി -കൂര്‍ഗ് പാത. രാജ്യവ്യാപകമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടുകൂടി കേരളത്തില്‍ ഭക്ഷണസാധനങ്ങള്‍ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. അവശ്യസാധനങ്ങളുടെ ചരക്കുനീക്കം സ്തംഭിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി തന്നെ ഉറപ്പുനല്‍കിയ കാര്യവും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നല്‍കിയത്. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രത്തിന്റെ നടപടി.

്അതിര്‍ത്തികള്‍ അടച്ചത് കേരളത്തിലേക്കുള്ള പച്ചക്കറി ഉല്‍പ്പെട്ട അവശ്യ സാധനങ്ങളുടെ വരവ് കുറച്ചിരുന്നു. ഇത് കേരളത്തില്‍ ക്ഷാമത്തിലേക്ക് നയിച്ചു. ഇതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം.

കര്‍ണാടകം റോഡ് അടച്ചതോടെ 80 ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നത്. 24 മണിക്കൂറായി ജീവനക്കാരെ തടഞ്ഞും വെച്ചിരിക്കുകയാണ്. ഭക്ഷണവും വെള്ളവും കിട്ടാതെ മണിക്കൂറുകളോളം ലോറി ജീവനക്കാര്‍ക്ക് കഴിയേണ്ടി വന്നത്. വിഷയം വന്‍ വിവാദമായി മാറിയതോടെ കര്‍ണാടകാ മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചിരിക്കുകയാണ്.

ദേശീയ വ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഭക്ഷ്യവസ്തുക്കള്‍ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാനുള്ള കരുതല്‍ നടപടി സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുമ്പോഴാണ് കര്‍ണാടകയുടെ നടപടി. അതേസമയം മണ്ണിട്ടത് കേരളത്തിന്റെ അതിര്‍ത്തിയിലാണ്. ഇതിന്റെ മറുവശത്തും മലയാളികള്‍ താമസമുണ്ടെന്നും പറയുന്നു. പച്ചക്കറി ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ വരുന്ന കേരളത്തിലേക്കുള്ള ചരക്കുനീക്കം നടക്കുന്ന പ്രധാന റോഡ് ഏകപക്ഷീയമായി അടയ്ക്കാന്‍ കഴിയില്ലെന്നാണ് കേരളം പറയുന്നത്.

എന്നാല്‍ റോഡ് തുറക്കില്ലെന്ന നിലയിലാണ് കര്‍ണാടകം. കേരളത്തിലേക്ക് പോകുന്നവര്‍ക്ക് കോവിഡ് പിടിപെടുമെന്ന നിലയില്‍ ഈ ഭാഗത്ത് വലിയ ജനരോഷം നില നില്‍ക്കുന്നു എന്നാണ് കര്‍ണാടകം പറയുന്നത്. ഇന്നലെ കേരളത്തിലെ ചീഫ് സെക്രട്ടറി കര്‍ണാടകത്തിലെ ചീഫ് സെക്രട്ടറിയുമായി വിഷയം ചര്‍ച്ച ചെയ്തിട്ടും പ്രശ്‌നം പരിഹരിച്ചിട്ടില്ല. കേരളം ആവര്‍ത്തിച്ച് ആവശ്യം ഉന്നയിച്ചിട്ടും റോഡ് തുറക്കാന്‍ കര്‍ണാടകം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ വിഷയത്തില്‍ ഇടപെടണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്..

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7