ജീവിതം സാധാരണ രീതിയിലാകുമ്പോൾ നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാമെന്ന് ഇന്ത്യൻ ഉപനായകൻ രോഹിത് ശർമ്മ. ഇൻസ്റ്റഗ്രാം ലൈവിനിടെ സഹതാരമായ യുസ്‌വേന്ദ്ര ചഹാലിൻ്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രോഹിത്. ഈ സീസണിലെ ഐപിഎല്ലിൻ്റെ ഗതി എന്താകും എന്നായിരുന്നു ചഹാലിൻ്റെ ചോദ്യം.
“നമുക്ക് ആദ്യം രാജ്യത്തെപ്പറ്റി ചിന്തിക്കാം. സ്ഥിതി മെച്ചപ്പെട്ടതിനു ശേഷം നമുക്ക് ഐപിഎല്ലിനെപ്പറ്റി സംസാരിക്കാം. ജീവിതം സാധാരണ നിലയിലാവട്ടെ. ഞാൻ മുംബൈയെ ഇങ്ങനെ കണ്ടിട്ടില്ല. ക്രിക്കറ്റർമാർ എന്ന നിലയിൽ കുടുംബത്തോടൊപ്പം ചെലവഴിക്കാൻ നമുക്ക് ഒരുപാട് സമയം ലഭിക്കില്ല. ഇപ്പോൾ അതിനുള്ള സമയമാണ്”- രോഹിത് പറഞ്ഞു.
റിക്കി പോണ്ടിംഗിനൊപ്പം മുംബൈ ഇന്ത്യൻസിൽ കളിച്ചത് മാജിക്ക് ആണെന്നാണ് രോഹിത് പറഞ്ഞത്. 2011 ലോകകപ്പിൽ ടീമിൽ ഉൾപ്പെടാൻ കഴിയാത്തതാണ് തനിക്ക് ഏറെ വിഷമം ഉണ്ടാക്കിയതെന്നും രോഹിത് പറഞ്ഞു.
കൊവിഡ് 19 വൈറസ് ബാധയെ തുടർന്ന് ഈ മാസം 29നു തുടങ്ങേണ്ട ഐപിഎൽ ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ രാജ്യത്തെ സ്ഥിതി മോശമായി തുടരുന്ന സാഹചര്യത്തിൽ ആ ദിവസവും ഐപിഎൽ തുടങ്ങാൻ സാധ്യതയില്ല.
നേരത്തെ, കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വേണ്ടി വന്നാൽ ഐപിഎൽ ഉപേക്ഷിക്കുമെന്ന് ഫ്രാഞ്ചസി ഒഫീഷ്യൽ പറഞ്ഞിരുന്നു. ഉപേക്ഷിച്ചാൽ കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാകുമെങ്കിലും അതിനെക്കാൾ വലുത് ജനങ്ങളുടെ സുരക്ഷയാണെന്നും ഫ്രാഞ്ചസി ഒഫീഷ്യൽ പറഞ്ഞു. ഐപിഎൽ ഫ്രാഞ്ചസി ഉടമകൾ തമ്മിൽ നടത്തിയ ടെലി കോൺഫറൻസിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
Leave a Comment