മദ്യം ഓണ്‍ലൈനിലൂടെ കിട്ടുമെന്ന് കരുതേണ്ട, ലഹരി വേണമെന്ന് തോന്നിയാല്‍ എന്ത് ചെയ്യണമെന്ന് മന്ത്രി പറയുന്നു…

ഓണ്‍ലൈനിലൂടെ മദ്യം കൊടുക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍. ഓണ്‍ലൈന്‍ മദ്യവ്യാപാരം സര്‍ക്കാരിനു മുന്നിലുള്ള വിഷയമല്ല. ഇപ്പോഴും അതേ നിലപാടാണ് സര്‍ക്കാരിനെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഉത്തരവുണ്ടാകുന്നതുവരെ മദ്യശാലകള്‍ക്കുള്ള നിരോധനം തുടരുമെന്ന് മന്ത്രി പറഞ്ഞു.

മദ്യശാലകള്‍ തുറക്കുന്ന കാര്യത്തില്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് തീരുമാനമെടുക്കും. കഴിയുന്നത്ര ലഹരി ഉപയോഗത്തില്‍നിന്ന് ആളുകള്‍ പിന്തിരിയണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു. എല്ലാ ജില്ലകളിലും ഡീ അഡിക്ഷന്‍ സെന്ററുകളുണ്ട്. അവിടെ ചികില്‍സ സൗജന്യമാണ്. പ്രയാസമുള്ള ആളുകള്‍ അവിടെ സമീപിക്കണമെന്നും മന്ത്രി പറഞ്ഞു.

ഓണ്‍ലൈന്‍ മദ്യവില്‍പ്പന പ്രായോഗികമല്ലെന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ അധികൃതരും നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റു സംസ്ഥാനങ്ങളിലൊന്നും ഓണ്‍ലൈന്‍ വഴി മദ്യവില്‍പ്പനയില്ല. ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാമെന്ന തീരുമാനത്തിലേക്കു സര്‍ക്കാര്‍ കടന്നാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഓര്‍ഡിനന്‍സ് പുറത്തിറക്കേണ്ടി വരുമായിരുന്നു.1953ലെ ഫോറിന്‍ ലിക്വര്‍ ആക്ടിലും 2002ലെ അബ്കാരി ഷോപ്പ് ഡിസ്‌പോസല്‍ റൂള്‍സിലുമാണ് ഭേദഗതികള്‍ വരുത്തേണ്ടിയിരുന്നത്. ഇത് വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന കാര്യമല്ല.

ഓണ്‍ലൈന്‍ വഴി മദ്യം വില്‍ക്കാന്‍ തീരുമാനിച്ചാല്‍ വിതരണത്തിനും പ്രയാസമായിരിക്കുമെന്ന് ബവ്‌റിജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഒരാള്‍ക്കു വാങ്ങാന്‍ കഴിയുന്ന മദ്യത്തിന്റെ അളവ് നിശ്ചയിക്കേണ്ടിവരും. പ്രായപരിധി വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കുന്നതും പ്രയാസകരമാകും. ഓണ്‍ലൈന്‍ വഴിയുള്ള ഓര്‍ഡര്‍ അനുസരിച്ച് മദ്യം വിതരണം ചെയ്യാനുള്ള ജീവനക്കാര്‍ കോര്‍പ്പറേഷനിലില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7