കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല

ടെഹ്‌റാന്‍: നിരപരാധികളെ കൊല്ലുന്നത് അവരുടെ വിനോദമാണ്. ഇനിയെങ്കിലും അതിനൊരു അറുതി വേണം. ചിന്തിക്കുന്നതിലും അപ്പുറമാണ് ഇറാനില്‍ കൊറോണ വൈറസ് ബാധിതരുടെ ദുരിതം. ഈ വേളയിലും അമേരിക്കന്‍ ഉപരോധം തുടരുന്നത് ഇറാനിലെ ജനതയോടുള്ള കൊടിയഅപരാധമാണ്. യുഎസ് ഉപരോധമുള്ളതിനാല്‍ മരുന്നുക്ഷാമം നേരിടുന്ന രാജ്യമാണ് ഇറാന്‍. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതില്‍ ഇടപെടണം. – ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള ലോകനേതാക്കള്‍ക്ക് അയച്ച കത്തില്‍ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി കുറിച്ചതാണിത്.

ചൈനയ്ക്കു പുറത്ത് കൊറോണ വൈറസ് ബാധ അതിവേഗം പടര്‍ന്നു പിടിച്ച രാജ്യങ്ങളാണ് ഇറ്റലിയും ഇറാനും. ഇതില്‍ ഇറ്റലിക്കു സഹായഹസ്തവുമായി ലോകരാജ്യങ്ങള്‍ രംഗത്തെത്തിയെങ്കിലും രാജ്യാന്തരതലത്തില്‍ രോഗത്താല്‍ ഒറ്റപ്പെട്ട തുരുത്തായി മാറുകയാണ് ഇറാന്‍.

കൊറോണ വൈറസിനെതിരായ യുഎസ് സഹായം തള്ളിക്കളഞ്ഞ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി രംഗത്തു വന്നതും ഇറാനെ പ്രതിരോധത്തിലാഴ്ത്തി. കൊറോണ വൈറസ് യുഎസിന്റെ ജൈവായുധ പ്രയോഗമാണെന്നും ഇറാനിലുള്ളവര്‍ക്കായി പ്രത്യേകം സൃഷ്ടിച്ചതാണന്നുമാണ് ആയത്തുല്ല അലി ഖമനയി പ്രതികരിച്ചത്. മഹാമാരി അമേരിക്കന്‍ ഗൂഢാലോചനയാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാന്‍ ആരോപിച്ചതിനു പിന്നാലെയാണ് കൊറോണ വൈറസ് യുഎസ് സൃഷ്ടിയാണെന്നു ഖമനയി തുറന്നടിച്ചത്.

കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ സഹായം നല്‍കാമെന്ന് യുഎസ് പലതവണ ഞങ്ങള്‍ക്ക് വാഗ്ദാനം നല്‍കി. വൈറസിനെ സൃഷ്ടിച്ചത് യുഎസ് ആണെന്ന് ചൈനയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ വിമര്‍ശനം ഉയര്‍ത്തുന്നതിനിടെയാണിത്. ഉപരോധം കൊണ്ട് ഞങ്ങളെ ശ്വാസം മുട്ടിച്ച, ഞങ്ങളുടെ ജീവരക്തത്തിനായി ദാഹിക്കുന്ന നിങ്ങള്‍ ഞങ്ങള്‍ക്കു നേരേ സഹായഹസ്തം നീട്ടുന്നത് വിചിത്രമാണ്. കൊറോണ വൈറസിനെതിരെ ഇറാന്റെ പോരാട്ടത്തിലെ ന്യൂനതകള്‍ ഞങ്ങള്‍ നിഷേധിക്കുന്നില്ല. എന്നാല്‍ നിങ്ങള്‍ നല്‍കുന്ന മരുന്ന് വൈറസിനെ എക്കാലത്തും ഇറാനില്‍ പ്രതിഷ്ഠിക്കുന്നതാണെങ്കിലോ? – ആയത്തുല്ല അലി ഖമനയിയുടെ ചോദ്യം ഇങ്ങനെ.

കൊറോണ വൈറസിനെ ‘ചൈനീസ് വൈറസ്’ എന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പരിഹസിച്ചത് അമേരിക്കയും ചൈനയുമായുള്ള വാക്‌പോരാട്ടത്തിനു നേരത്തെ വഴിതെളിച്ചിരുന്നു. കൊറോണ വൈറസ് ‘വുഹാന്‍ വൈറസ്’ ആണെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയുടെ പരാമര്‍ശവും വിവാദമായി. കൊലയാളി കൊറോണ വൈറസ് പടര്‍ന്നത് വുഹാനില്‍ നിന്നല്ല, യുഎസില്‍ നിന്നാണെന്ന ചൈനയുടെ വാദത്തെ തുടര്‍ന്നായിരുന്നു ട്രംപിന്റെയും പോംപിയോയുടെയും പരാമര്‍ശം. കൊറോണ വൈറസ് യുഎസില്‍ നിന്നാണ് ഉത്ഭവിച്ചതെന്നും വുഹാനിലേക്ക് കൊണ്ടുവന്നതിന് പിന്നില്‍ യുഎസ് സൈന്യം ആയിരിക്കാമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിജിയന്‍ സൗവാണ് കുറ്റപ്പെടുത്തിയത്. ഇതിന്റെ ചുവടുപിടിച്ചാണ് ആയത്തുല്ല അലി ഖമനയിയുടെ ആരോപണം.

യുഎസ് ഭരണകൂടം അടിച്ചേല്‍പ്പിച്ച ഉപരോധം നീക്കാന്‍ യുഎസിലെ ജനം തന്നെ ശബ്ദമുയര്‍ത്തണമെന്നു ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയും ആവശ്യപ്പെട്ടു. ഉപരോധത്തില്‍ നിരവധി സാധാരണക്കാര്‍ക്ക് ഇറാനില്‍ ജീവനും ആരോഗ്യവും തൊഴിലും വരുമാനവും നഷ്ടപ്പെട്ടു. യുഎസ് ജനത തന്നെ ഈ അനീതിക്കെതിരെ അവരുടെ സര്‍ക്കാരിനോട് മറുപടി ചോദിക്കണം. ഇനിയും ഇറാനികളെ മരണത്തിലേക്കു തള്ളി വിടരുതെന്നും ഹസന്‍ റൂഹാനി പറഞ്ഞു.

ഇറാനില്‍ 1,812 പേരാണ് ഇത് വരെ കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. തിങ്കളാഴ്ച മരിച്ചവര്‍ 127. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചെവിക്കൊള്ളാന്‍ ജനം തയാറാകാത്തതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നത്. തിങ്കളാഴ്ച 1,411 പേര്‍ കൂടി രോഗബാധിതരായതോടെ ആകെ രോഗബാധിതരുടെ എണ്ണം 23,049 ആയി. രോഗം ഏറ്റവും ബാധിച്ച 13 പ്രവിശ്യകളില്‍ നിന്ന് മാര്‍ച്ച് 17ന് ശേഷം റോഡ് മാര്‍ഗം 30 ലക്ഷത്തോളം പേര്‍ പലായനം ചെയ്തതായാണ് അധികൃതരുടെ കണക്കുകള്‍.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7