വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്.. എന്നാലും അത് ഒരു കരുതലായി കാണണം, അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്നും മമ്മൂട്ടി

കൊറോണയുടെ പശ്ചാത്തലത്തില്‍ അനാവശ്യമായി സാധനങ്ങളും മറ്റും വാങ്ങിക്കൂട്ടുന്നത് മറ്റുള്ളവന്റെ ഭക്ഷണം തട്ടിയെടുക്കുന്നതിന് തുല്യമാണെന്ന് നടന്‍ മമ്മൂട്ടി. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ലെന്നും നാം വാങ്ങിക്കൂട്ടുമ്പോള്‍ മറ്റു പലര്‍ക്കുമത് ഇല്ലാതാകുമെന്നും വേണ്ടതു മാത്രം കരുതി വെയ്ക്കു എന്നും മലയാള മനോരമയില്‍ എഴുതിയ ലേഖനത്തില്‍ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ ലേഖനം…

രണ്ടാഴ്ച മുമ്പ് ഷൂട്ടിംഗ് നിര്‍ത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിര്‍ബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികള്‍ തന്നെയാണ്. നമ്മുടെ നിയമങ്ങള്‍ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തു നില്‍ക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാന്‍ അനുവദിക്കാതെ, പുറത്തുനിര്‍ത്തി കൊല്ലുന്നു എന്നു കരുതിയാല്‍ മതി.

ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനു വേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധര്‍ പറയുമ്പോള്‍ നാം അനുസരിക്കണം. അവര്‍ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിര്‍ദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സര്‍ക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാല്‍, അതു പറയുന്നതിനു കാലവും സമയവുമുണ്ട്.

രോഗമുണ്ടെന്നു സംശയിക്കുന്നവരോടും രോഗികളോടും നിര്‍ബന്ധപൂര്‍വം അകത്തിരിക്കാന്‍ പറയുമ്പോള്‍ അവര്‍ പുറത്തിറങ്ങുന്നതു സഹിക്കാവുന്ന കാര്യമല്ല. അവരിലൂടെ എത്രയോ പേരിലേക്ക് അസുഖമെത്താനുള്ള വാതിലാണു തുറക്കുന്നത്. ഇതു ചെയ്യുന്നവര്‍ക്കൊന്നും പറ്റില്ലായിരിക്കും. പക്ഷേ, അവരുടെ സാന്നിധ്യത്തിലൂടെ പലര്‍ക്കും ജീവന്‍തന്നെ നഷ്ടമായേക്കാം. അകത്തിരിക്കേണ്ടവര്‍ പുറത്തുപോകുമ്പോള്‍ വഴി തുറക്കുന്നതു മഹാമാരിയിലേക്കു തന്നെയാണ്.

വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോള്‍ മറ്റു പലര്‍ക്കുമത് ഇല്ലാതാകും. സത്യത്തില്‍ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതല്‍ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആര്‍ഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങള്‍ നമ്മെ ഓര്‍മിപ്പിക്കുകയാണ്.

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവര്‍ക്കു കരുതിവയ്ക്കുന്നതില്‍ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കില്‍, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവര്‍ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കില്‍ നമ്മുടെ കരുതല്‍ അവര്‍ക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. അതില്‍ കൂടുതല്‍ അവര്‍ക്ക് എന്തൊക്കെ വേണമെന്നു നോക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താല്‍ എല്ലാവര്‍ക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും.

ഫോണ്‍, ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് തുടങ്ങിയ പല മാര്‍ഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതല്‍ അറിയാനുള്ള സമയം. ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നില്‍ക്കേണ്ടി വരുന്നവരെ ഓര്‍ക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവര്‍ത്തകരെ. അവരെ ലോകം മുഴുവന്‍ അഭിനന്ദിക്കുന്ന കാഴ്ചകള്‍ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവര്‍ക്കുള്ള പ്രാര്‍ഥനകൂടിയാണ്.

മുന്‍പൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാന്‍ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓര്‍ക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനില്‍ക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സര്‍ക്കാരുകള്‍ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കില്‍ മാത്രമേ, ഈ മഹാമാരിയില്‍നിന്നു രക്ഷപ്പെടാനാകൂ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7