വിമാനത്താവണത്തില്‍ സ്വീകരണം: രജിത് കുമാര്‍ ഒളിവില്‍, രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി : ബിഗ് ബോസ് പരിപാടിയില്‍ നിന്നു പുറത്തായ മത്സരാര്‍ഥി രജിത് കുമാറിന് ് നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയ സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശികളായ മുഹമ്മദ് അഫ്‌സല്‍, നിബാസ് എന്നിവരെ അറസ്റ്റു ചെയ്തതായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി രജിത് കുമാര്‍ ഒളിവിലാണ്. അദ്ദേഹത്തിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രതികളെ അറസ്റ്റ് ചെയ്യും. സ്വീകരണത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും എതിരെ നടപടിയുണ്ടാകും.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പരിപാടിയില്‍ പങ്കെടുത്തവരെ പൊലീസ് തിരിച്ചറിഞ്ഞു കൊണ്ടിരിക്കുകയാണ്. രാജ്യം മുഴുവനും കോവിഡിനെതിരായ സൈന്യം സൃഷ്ടിക്കുമ്പോള്‍ ചിലര്‍ ഇത്തരം കോമാളിത്തരം കാണിക്കുന്നത് അപഹാസ്യമാണ്. ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ വിവാഹങ്ങള്‍ പോലും വേണ്ടെന്ന് വയ്ക്കുമ്പോള്‍ ഇത്തരം പേക്കൂത്തുകള്‍ അംഗീകരിക്കാനാവില്ല. ഇവര്‍ പത്തു മിനിറ്റുകൊണ്ടാണ് ഒരുമിച്ചത്. വിമാനത്താവളത്തിനകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നു മാത്രമല്ല, പുറത്താക്കാന്‍ ശ്രമവും നടത്തിയിരുന്നു. അത് ലംഘിച്ച് അവര്‍ വേറെ വഴിയായി കടന്നു വരികയായിരുന്നു.

സംഭവത്തില്‍ സിയാലിന്റെ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കും. ഇക്കാര്യം സിയാല്‍ എംഡിയെ വിളിച്ച് സംസാരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഒരു സംഭവം ആവര്‍ത്തിക്കാതിരിക്കുക എന്നതാണ് പ്രധാനം. ഇത്ര അധികം വാഹനങ്ങള്‍ അകത്തു കടന്നത് എങ്ങനെയെന്ന് സര്‍ക്കാര്‍ പരിശോധിക്കും. പ്രതിരോധിക്കുവാന്‍ ഉത്തരവാദിത്തം ഉണ്ടെന്ന് കുട്ടികള്‍ക്ക് ക്ലാസെടുക്കുന്നവര്‍ തന്നെ ഇങ്ങനെ ചെയ്താല്‍ അംഗീകരിക്കാനാവില്ല. നല്ല മനസുള്ളവര്‍ക്ക് കൊറോണ വരില്ല എന്ന രീതിയിലുള്ള പ്രചാരണവും അംഗീകരിക്കാനാവില്ല. ഇത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും.

കളമശേരി മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ പത്തു ദിവസമായി ഹോം ക്വാറന്റീനിലാണ്. അത് ഇപ്പോഴാണ് എല്ലാവരും അറിയുന്നത് എന്നു മാത്രമേ ഉള്ളൂ. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പരീക്ഷ നടത്തിപ്പു സംബന്ധിച്ച് കൃത്യമായ മാര്‍ഗനിര്‍ദേശം സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. അതിനു വിരുദ്ധമായി ഒന്നും സര്‍ക്കാര്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ വഴി വീട്ടിലിരുത്തി പരീക്ഷ നടത്തുന്നതിനു തടസമില്ല. ആള്‍ക്കൂട്ടം ഉണ്ടാകുന്ന രീതിയിലുള്ള പരിപാടികള്‍ അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7