മെല്‍ബണ്‍: ഓസീസ് ക്രിക്കറ്റ് താരം ഗ്ലെന്‍ മാക്‌സ്!വെല്ലും ഇന്ത്യന്‍ വംശജയായ വിനിയും തമ്മിലുള്ള വിവാഹനിശ്ചയം ഇന്ത്യന്‍ ആചാരമനുസരിച്ച് നടന്നു. ഓസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ വംശജയായ വിനി രാമനുമായുള്ള മാക്‌സ്‌വെലിന്റെ വിവാഹ വാര്‍ത്ത് ആഴ്ചകള്‍ക്കു മുന്‍പു പുറത്തുവന്നിരുന്നു. ഇന്ത്യന്‍ ആചാരമനുസരിച്ച് വിവാഹ നിശ്ചയം കഴിഞ്ഞതിന്റെ ചിത്രം വിനി രാമനാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. മെല്‍ബണില്‍ നടന്ന ചടങ്ങില്‍ വിനിക്കൊപ്പം പരമ്പരാഗത ഇന്ത്യന്‍ വേഷത്തിലാണ് മാക്‌സ്‌വെല്ലും പങ്കെടുത്തത്.
തമിഴ്‌നാട്ടില്‍ വേരുകളുള്ള വിനി രാമന്‍ ജനിച്ചതും വളര്‍ന്നതും ഓസ്‌ട്രേലിയയിലാണ്. ഓസ്‌ട്രേലിയയില്‍ ഫാര്‍മസിസ്റ്റായി ജോലി നോക്കുകയാണ് വിനി. മാക്‌സ്‌വെലും വിനിയും 2017 മുതല്‍ പ്രണയത്തിലാണ്.
ബിഗ് ബാഷ് ലീഗില്‍ മാക്‌സ്‌വെലിന്റെ ടീമായ മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ഒരു പരിപാടിക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.
മുപ്പത്തൊന്നുകാരനായ മാക്‌സ്‌വെല്‍ ഓസ്‌ട്രേലിയയ്ക്കായി ഏഴു ടെസ്റ്റുകളും 110 ഏകദിനങ്ങളും 61 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. മൂന്നു ഫോര്‍മാറ്റിലും സെഞ്ചുറി നേടിയിട്ടുള്ള താരങ്ങളിലൊരാള്‍ കൂടിയാണ്. ഐപിഎല്ലില്‍ ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബാണ് മാക്‌സ്‌വെലിനെ സ്വന്തമാക്കിയത്.