ന്യൂഡൽഹി: കോവിഡ് 19 ബാധിച്ചു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. ഡല്‍ഹി ജനക്പുരിയിൽ ആര്‍എംഎല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന 69 വയസ്സുകാരിയാണ് മരിച്ചത്. രാജ്യത്ത് റിപ്പോർട്ടു ചെയ്യുന്ന രണ്ടാമത്തെ കോവിഡ് മരണമാണ് ഇത്. കർണാടകയിലെ കലബുറഗിയിൽ ചൊവ്വാഴ്ച മരിച്ചയാൾക്കു കോവിഡ് എന്നു കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തീർഥാടന വീസയിൽ സൗദി സന്ദർശിച്ചു മടങ്ങിയ മുഹമ്മദ് ഹുസൈൻ സിദ്ധിഖിയാണ് മരിച്ചത്.
അതേ സമയം കോവിഡ് 19 രോഗഭീഷണിയെ അതിജീവിക്കുവാനായി കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേരള സംസ്ഥാന ശാഖയുടെ കൊറോണ കണ്‍ട്രോള്‍ സെല്‍ യോഗം വിലയിരുത്തി. സംസ്ഥാനത്ത് നിലവില്‍ ഉള്ള കോവിഡ് ഭീഷണിയെ തുടര്‍ന്ന് സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ സ്വീകരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിഡിയോ കോണ്‍ഫറന്‍സിലൂടെ ഐഎംഎ ആസ്ഥാനത്ത് നടന്ന ചർച്ചയിലാണ് വിലയിരുത്തൽ.
കോവിഡ് രോഗം നിയന്ത്രണ വിധേയമാക്കുന്നതിന് ഏറ്റവും അത്യാവശ്യം ചെയ്യേണ്ടത് ആളുകള്‍ കൂട്ടം കൂടുന്നതും വീടിന് പുറത്തേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയുമാണ്. സ്‌കൂളുകളും, കോളജുകളും അടക്കാന്‍ എടുത്ത തീരുമാനത്തെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സ്വാഗതം ചെയ്തതോടൊപ്പം ബാറുകള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ കൂട്ടം കൂടുന്ന സ്ഥങ്ങള്‍ അടച്ചിടണമെന്നും യോഗം ആവശ്യപ്പെട്ടു. മതപരമായ ആചാരങ്ങളുടെ ഭാഗമായുള്ള ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനെ കുറിച്ച്, സമുദായ നേതാക്കള്‍ ആലോചിച്ച് യുക്തമായ തീരുമാനം കൈക്കൊള്ളണമെന്നും അറിയിച്ചു.
സമൂഹത്തില്‍ ഉടനീളം രോഗം വ്യാപകമാകുന്ന അവസ്ഥ ഉണ്ടാകാന്‍ ഇടയുള്ളതായി വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു. അതിനാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരേയും, മറ്റ് ആരോഗ്യ പ്രവര്‍ത്തകരേയും ഈ സ്ഥിതി വിശേഷം നേരിടുവാനുള്ള പരിശീലനം നല്‍കുവാന്‍ ഐഎംഎ.വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു. ചുമക്കുകയും, തുമ്മുകയും ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ശാസ്ത്രീയ രീതികളും(റസ്പിറേറ്ററി ഹൈജീൻ), കൈകള്‍ തുടര്‍ച്ചയായി കഴുകുന്നതിന്റെ പ്രാധാന്യവും ജനങ്ങള്‍ ശ്രദ്ധിക്കണമെന്നും നിർദേശിച്ചു.