കോഴഞ്ചേരി: കോവിഡ്19 വ്യാപകമാകുന്നതിനിടെ വിദേശത്തുനിന്നെത്തിയ യുവാവിന്റെ സഞ്ചാരം അധികൃതരെ അറിയിച്ചയാള്‍ക്കു മര്‍ദനം. അയിരൂര്‍, പ്ലാങ്കമണ്ണിനു സമീപം പൂവന്‍മലയിലാണു സംഭവം.
സ്വീഡനില്‍നിന്നെത്തിയ യുവാവാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദേശം അവഗണിച്ചു നാടുനീളെ കറങ്ങിയത്. ഇയാള്‍ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമ, വാര്‍ഡംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് വഴി വിവരം ആരോഗ്യ വകുപ്പില്‍ അറിയിച്ചു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീട്ടിലെത്തി വിവര ശേഖരണം നടത്തി. ഇതിനുപിന്നാലെ യുവാവ് ബന്ധുക്കളുമായെത്തി വീട്ടുടമയെയും മകനെയും കൈയേറ്റം ചെയ്‌തെന്നാണു പരാതി. തന്നെ വീട്ടുടമയും ഏതാനുംപേരും ചേര്‍ന്നു ആക്രമിച്ചെന്നു യുവാവും പറയുന്നു. മര്‍ദനമേറ്റ വീട്ടുടമ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇരുകൂട്ടര്‍ക്കുമെതിരേ കേസ് എടുത്തതായി കോയിപ്പുറം പോലീസ് പറഞ്ഞു. സമാനസംഭവം കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ ആശുപത്രിയിലും നടന്നു. ഇപ്പോള്‍ രോഗം സ്ഥിരീകരിച്ച വടശേരിക്കര സ്വദേശിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതു തങ്ങളുടെ അനുമതിയില്ലാതെയാണെന്നുകാട്ടി ബന്ധുക്കള്‍ ജീവനക്കാര്‍ക്കുനേരേ ഭീഷണി മുഴക്കിയെന്നാണു പരാതി. രാത്രി ഏറെ നേരം ഇതു വാക്കേറ്റത്തിനും വഴിവച്ചിരുന്നു.