ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ തിരികെയെത്തിച്ചു; ജില്ലയില്‍ ഓരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട: സംസ്ഥാനം കൊറോണ വൈറസിന്റെ പിടിയില്‍ അമര്‍ന്നിരിക്കെ പത്തനംതിട്ടയില്‍
കഴിഞ്ഞ ദിവസം ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി ജില്ലാ ആശുപത്രിയില്‍ തിരികെത്തിച്ചു. ഇയാള്‍ക്കെതിരേ കേസെടുക്കും. ഇയാള്‍ ഇന്നലെ പോയ ശേഷം ഇടപെട്ടവരും നിരീക്ഷണത്തിലായി.

അതിനിടെ ഒരാളെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രണ്ടുവയസ്സുകാരിയെ ആണ് ഐസോലേഷന്‍ വാര്‍ഡില്‍ എത്തിച്ചത്. പത്തനംതിട്ടയില്‍ ആറു പേര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിക്കുന്നത്.

പത്തനംതിട്ടയില്‍ 19 പേരുടെ സാമ്പിളുകള്‍ അയച്ചിരിക്കുകയാണ്. രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടിക ഇന്ന് തയ്യാറാക്കും. ഇന്ന് എസ്എസ്എല്‍സി പരീക്ഷ തുടങ്ങുന്ന സാഹചര്യത്തില്‍ ഇറ്റലിയില്‍ നിന്നും വന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ രണ്ടു കുട്ടികള്‍ക്ക് പരിക്ഷയെഴുതാന്‍ പ്രത്യേക സംവിധാനം ഒരുക്കും. ഇവര്‍ക്കായി പ്രത്യേക മുറിയും നിരീക്ഷണവും ഏര്‍പ്പെടുത്തും.

രോഗം റിപ്പോര്‍ട്ട് ചെയ്ത പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷന്‍ പ്രവേശിപ്പിച്ച് ചാടിപ്പോയ യുവാവിനെ കണ്ടെത്തി. രക്തസാമ്പിള്‍ എടുക്കാനിരിക്കെ രാത്രി പത്തുമണിയോടെ ആശുപത്രി അധികൃതരുടെ കണ്ണു വെട്ടിച്ച് മുങ്ങിയ വെച്ചൂച്ചിറ സ്വദേശിയെ ആരോഗ്യപ്രവര്‍ത്തകര്‍ തെരച്ചിലിനൊടുവില്‍ റാന്നിയിലെ വീട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു. ഇറ്റലിയില്‍ നിന്നും എത്തിയ രോഗം സ്ഥിരീകരിക്കപ്പെട്ടവരുമായി നേരിട്ടല്ലാതെ സമ്പര്‍ക്കം പുലര്‍ത്തിയ ആളാണ് യുവാവ്. രക്ത പരിശോധനയ്ക്ക് ശേഷം ആവശ്യമെങ്കില്‍ ഇയാള്‍ക്കെതിരേ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുത്തേക്കും. പൊതുജനാരോഗ്യ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരേ പോലീസിന്റെ സഹായം തേടു?മെന്നും അനാവശ്യ ഭീതി പരത്തരുതെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അന്യസംസ്ഥാന തൊഴിലാളികളോട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടെന്ന വാര്‍ത്തയും വ്യാജമാണ്. ഇവരുടെ ക്യാമ്പുകളില്‍ ബോധവല്‍ക്കരണം നടത്താനാണ് പദ്ധതി. പത്തനംതിട്ട ജില്ലയില്‍ രോഗമുള്ളവരുമായിസമ്പര്‍ക്കത്തിലേര്‍പ്പെട്ട 270 പേരെയും അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 449 പേരെയും കണ്ടെത്തി നിരീക്ഷണത്തിലാക്കിരിക്കുകയാണ്. രോഗം സ്ഥിരീകരിച്ച ഗൃഹനാഥന്റെ മാതാപിതാക്കളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ ബന്ധുകുടുംബത്തിലെ മൂന്നുപേരും മറ്റു രണ്ടുപേരും ഉള്‍പ്പെടെ ആകെ ഏഴുപേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലുള്ളത്. ഒരാള്‍ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാള്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും ഐസൊലേഷനിലുണ്ട്.

ഇന്നലെ കൊച്ചിയില്‍ രോഗം സ്ഥിരീകരിച്ച മൂന്ന് വയസ്സുകാരന്റെ മാതാപിതാക്കളുടെ സാമ്പിളുകളുടെ പരിശോധനാഫലം ഇന്ന് പുറത്തുവരും. ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കാണ് സാമ്പികളുകള്‍ അയച്ചിരിക്കുന്നത്. നിലവില്‍ ഇവരെ 17 പേര്‍ക്കൊപ്പം കളമശ്ശേരി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ രക്ത പരിശോധനയില്‍ പ്രശ്‌നമില്ലെങ്കില്‍ ഇവര്‍ക്കൊപ്പം വിമാനത്തില്‍ കൊച്ചിയില്‍ വന്നവര്‍ക്കും കുഴപ്പമില്ലെന്ന നിരീക്ഷണത്തില്‍ എത്തും. ഇവര്‍ക്കൊപ്പം വിമാനത്തില്‍ എത്തിയവരെല്ലാം അവരവരുടെ വീടുകളിലും മറ്റുമായി നിരീക്ഷണത്തിലാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7