കൊല്ലത്ത് അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. എൽകെജി വിദ്യാർത്ഥിയായ ശിവജിത്താണ് മരിച്ചത്. അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങുമ്പോഴാണ് ശിവജിത്തിന് പാമ്പുകടിയേറ്റത്.
ഇന്ന് പുലർച്ചെ അഞ്ച് മണിക്കാണ് സംഭവം. കാലിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയെ അറിയിച്ചിരുന്നു. അമ്മ പരിശോധിച്ചപ്പോൾ കുട്ടിയുടെ കാലിൽ രണ്ട് പാടുകളും ചോര ഒലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. സമീപത്തുള്ള വൈദ്യന്റെ അടുത്ത് ചികിത്സ തേടി വീട്ടിൽ തിരികെയെത്തി. അൽപസമയം കഴിഞ്ഞപ്പോൾ കുട്ടിയുടെ ആരോഗ്യസ്ഥിതി വഷളാകുകയായിരുന്നു.
തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിച്ചു. കൂട്ടിയുടെ നില കൂടുതൽ വഷളായതോടെ കൊട്ടാരക്കരയിലെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.