സൂപ്പർ താരമായ ജാക്കി ചാന് കൊറോണ ബാധിച്ചെന്ന് വ്യാജ പ്രചാരണം. കൊറോണ ബാധിച്ചെന്ന വ്യാജ പ്രചാരണത്തിന് വിരാമമിട്ട് താരം തന്നെ രംഗത്തെത്തി. സംഭവം വലിയ വാർത്തയായതോടെയാണ് ജാക്കി ചാൻ തന്നെ വിശദീകരണവുമായി രംഗത്ത് വന്നത്.
എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി, താൻ ആരോഗ്യവാനും സുരക്ഷിതനുമാണെന്നും ജാക്കി ചാൻ ഫേസ്ബുക്കിൽ കുറിച്ചു. താൻ കൊറോണ നിരീക്ഷണത്തിലല്ലെന്നും താരം വ്യക്തമാക്കി. കുറച്ച് പൊലീസുകാർ പാർട്ടി നടത്തുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. അവർ പിന്നീട് കൊറോണ വൈറസ് ബാധ നിരീക്ഷണത്തിൽ ഉൾപ്പെട്ടു. അതിലൊരാൾക്ക് രോഗം സ്ഥിരീകരിച്ചു. ജാക്കി ചാനും സുഹൃത്തക്കളും ഈ പാർട്ടിയിൽ പങ്കെടുത്തെന്നും അതിനാൽ നിരീക്ഷണത്തിലായതെന്നുമാണ് വ്യാജ വാർത്ത പരന്നത്.
കഴിഞ്ഞ ദിവസമാണ് ജാക്കി ചാൻ കൊറോണ നിരീക്ഷണത്തിലാണെന്ന വാർത്ത പരന്നത്. തുടർന്ന് നിരവധി ആരാധകർ അദ്ദേഹത്തിന് പ്രത്യേക സമ്മാനങ്ങളും ഫേസ് മാസ്‌കുകളും അയച്ചു നൽകിയിരുന്നു.
കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നവർക്ക് ഒരു മില്യൺ യുവാൻ പാരിതോഷികം പ്രഖ്യാപിച്ച് ജാക്കി ചാൻ നേരത്തെ മുന്നോട്ട് വന്നിരുന്നു. ഒരു കോടി രൂപയ്ക്ക് തുല്യമാണിത്. ഒരു ദേശീയ മാധ്യമത്തോടാണ് ലോകത്തിൽ വച്ച് തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിക്കുന്ന അഭിനേതാക്കളിലൊരാളായ ജാക്കി ചാൻ ഇത് പറഞ്ഞത്. ‘ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കുമാണ് വൈറസിനെ പ്രതിരോധിക്കാനാകുക. വളരെയധികം പേർ എന്നെപ്പോലെ വൈറസിനെതിരായ മരുന്ന് പെട്ടെന്നുതന്നെ കണ്ടുപിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഏതൊരാളോ സംഘടനയോ ഇതിനെതിരെ മരുന്ന് കണ്ടുപിടിക്കുന്നുവോ ഞാൻ അവരോട് ഒരു കോടി നൽകി നന്ദി പറയും’ ജാക്കി ചാൻ വ്യക്തമാക്കി. ഇത് പണത്തിന്റെ കാര്യമല്ല. നേരത്തെ വലിയ തിരക്കുണ്ടായിരുന്ന തെരുവുകളിപ്പോൾ വിജനമാണ്. നാട്ടിലുള്ളവർ ജീവിതം ആസ്വദിക്കേണ്ട സമയത്ത് വൈറസിനെതിരെ പോരാടുന്നു. തന്റെ ചിന്തകൾ ജാക്കി ചാൻ പങ്കുവച്ചു.