കോഹ് ലിയെ തള്ളി, ഉപനായകന്‍ അജിന്‍ക്യ രഹാന ; ചേതേശ്വര്‍ പൂജാരയ്ക്ക് പിന്തുണ

ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ദയനീയ തോല്‍വിക്കുപിന്നാലെ ചേതേശ്വര്‍ പൂജാര ഉള്‍പ്പെടെയുള്ള താരങ്ങളുടെ അമിത പ്രതിരോധത്തെ തള്ളിപ്പറഞ്ഞ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഉപനായകന്‍ അജിന്‍ക്യ രഹാനെയുടെ ‘തിരുത്ത്’. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രഹാനെ പൂജാരയ്ക്ക് പിന്തുണ പ്രഖ്യാപിച്ചത്. ബാറ്റിങ്ങിന്റെ ഏതെങ്കിലും ഘട്ടത്തില്‍ പൂജാര മുന്നോട്ടുപോകാനാകാതെ കുടുങ്ങിയതായി തോന്നിയിട്ടില്ലെന്നും രഹാനെ വ്യക്തമാക്കി. െ്രെകസ്റ്റ്ചര്‍ച്ചിലെ രണ്ടാം ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണാനെത്തിയപ്പോഴാണ് രഹാനെയുടെ പ്രതികരണം.

ആദ്യ ടെസ്റ്റില്‍ ന്യൂസീലന്‍ഡ് ഉജ്വലമായി പന്തെറിഞ്ഞു എന്നതാണ് വാസ്തവം. ഏതെങ്കിലും ഘട്ടത്തില്‍ ചേതേശ്വര്‍ പൂജാര കുടുങ്ങിപ്പോയതായി എനിക്കു തോന്നിയിട്ടില്ല. റണ്‍സ് നേടാന്‍ തന്നെയാണ് അദ്ദേഹം ശ്രമിച്ചത്. എതിര്‍ ടീമിലെ ബോളര്‍മാര്‍ ഒരു മോശം പന്തുപോലും എറിഞ്ഞില്ല എന്നതാണ് യാഥാര്‍ഥ്യം. ചില മത്സരങ്ങളില്‍ ഇതു സംഭവിക്കാം. എല്ലാ ബാറ്റ്‌സ്മാന്‍മാരും ഇത്തരം ഘട്ടങ്ങളിലൂടെ കടന്നുപോകാറുണ്ട്. ഓരോരുത്തരുടെയും ശൈലി വ്യത്യസ്തമാണ്. മധ്യനിരയില്‍ എങ്ങനെ കളിക്കണമെന്നതിനെക്കുറിച്ച് ടീമെന്ന നിലയില്‍ കൂട്ടായി തീരുമാനിക്കുകയാണ് വേണ്ടത്’ – രഹാനെ ചൂണ്ടിക്കാട്ടി.

വെല്ലിങ്ടനിലെ ഒന്നാം ടെസ്റ്റില്‍ കാര്യമായി തിളങ്ങാനാകാതെ പോയ രവിചന്ദ്രന്‍ അശ്വിനു പകരം രവീന്ദ്ര ജഡേജയെ കളിപ്പിക്കുമോ എന്ന ചോദ്യത്തിന്, ‘തീരുമാനമെടുത്തിട്ടില്ല’ എന്നായിരുന്നു രഹാനെയുടെ മറുപടി. പിച്ചിന്റെ അവസ്ഥയും കാലാവസ്ഥയും മറ്റു സാഹചര്യങ്ങളും പരിഗണിച്ച് പരിശീലകനും ക്യാപ്റ്റനുമാണ് അന്തിമ തീരുമാനം കൈക്കൊള്ളുകയെന്ന് രഹാനെ വ്യക്തമാക്കി.

ആദ്യ ടെസ്റ്റില്‍ കാര്യമായി വിക്കറ്റ് വീഴ്ത്താനായില്ലെങ്കിലും ജസ്പ്രീത് ബുമ്രയുടെയും മുഹമ്മദ് ഷമിയുടെയും കഴിവിന്റെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ലെന്നും രഹാനെ വ്യക്തമാക്കി. ‘ആദ്യ ടെസ്റ്റില്‍ ഇഷാന്ത് ശര്‍മ ഉജ്വലമായി പന്തെറിഞ്ഞു. ബുമ്രയും ഷമിയും സ്ഥിരതയോടെയാണ് പന്തെറിഞ്ഞത്. സാഹചര്യങ്ങള്‍ക്കൊപ്പിച്ച് പന്തെറിയുകയാണ് പ്രധാനം. അടുത്ത ടെസ്റ്റില്‍ അവര്‍ക്കതിനു കഴിയും. ഞങ്ങള്‍ക്കാര്‍ക്കും ബുമ്രയെയോ ഷമിയേയോ കുറിച്ച് യാതൊരു സംശയവുമില്ല. ആദ്യം ബാറ്റു ചെയ്യുകയാണെങ്കില്‍ മികച്ച ആദ്യ സെഷനിലെ കളി നിര്‍ണായകമാകും. ശുദ്ധമായ മനസ്സോടെ കളത്തിലിറങ്ങാനാണ് ശ്രമം’ – രഹാനെ പറഞ്ഞു.

നേരത്തെ, ന്യൂസീലന്‍ഡിനെതിരെ ആദ്യ ടെസ്റ്റിലെ തോല്‍വിക്കു പിന്നാലെ ബാറ്റ്‌സ്മാന്‍മാരെ വിമര്‍ശിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി രംഗത്തെത്തിയിരുന്നു. ബാറ്റ്‌സ്മാന്‍മാര്‍ അമിതമായ പ്രതിരോധത്തിലൂന്നി കളിക്കുന്നത് വിദേശ പര്യടനങ്ങളില്‍ ഒട്ടും ഗുണം ചെയ്യില്ലെന്ന് കോലി പറഞ്ഞു. ആരെയും പേരെടുത്തു പറഞ്ഞില്ലെങ്കിലും ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി തുടങ്ങിയ ടെസ്റ്റ് സ്‌പെഷലിസ്റ്റ് ബാറ്റ്‌സ്മാന്മ!ാരെ സൂചിപ്പിക്കുന്നതാണ് കോലിയുടെ പരാമര്‍ശം. ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 81 പന്തുകള്‍ നേരിട്ട പൂജാര 11 റണ്‍സ് മാത്രമാണ് നേടിയത്. വിഹാരി 79 പന്തില്‍ 15 റണ്‍സും. ഒരു ഘട്ടത്തില്‍ 28 പന്തുകളില്‍ പൂജാര ഒരു റണ്‍ പോലും നേടിയില്ല. ഇതോടെ മറുഭാഗത്തു നിന്ന മായങ്ക് അഗര്‍വാള്‍ സമ്മര്‍ദ്ദത്തിനടിപ്പെട്ട് മോശം ഷോട്ട് കളിച്ച് പുറത്താവുകയും ചെയ്തു. രണ്ട് ഇന്നിങ്‌സുകളിലും ഇന്ത്യ 200 റണ്‍സ് കടന്നതുമില്ല.

”ഒരു ബാറ്റിങ് യൂണിറ്റ് എന്ന നിലയില്‍ നമ്മുടെ മനോഭാവം മാറേണ്ടതുണ്ട്. അമിതമായ ശ്രദ്ധയും ഭീതിയും ഒരിക്കലും ഗുണം ചെയ്യില്ല. സ്വാഭാവികമായ ഷോട്ടുകള്‍ കളിക്കുന്നതിനെ ഇല്ലാതാക്കുകയേ ഉള്ളൂ..”– കോലി പറഞ്ഞു. സിംഗിള്‍ പോലും എടുക്കാനാവാതെ കളിക്കുകയും പിന്നീട് നല്ല ഒരു പന്തില്‍ പുറത്താവുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും കോലി പറഞ്ഞു. പുറത്തായത് നല്ല പന്തിലാണ് എന്ന ആശ്വാസത്തിലൊന്നും വലിയ കാര്യമില്ലെന്ന് കോലി കൂട്ടിച്ചേര്‍ത്തു. ബാറ്റിങ് ദുഷ്‌കരമായ പിച്ചുകളില്‍ തന്റെ ശൈലിയും കോലി വ്യക്തമാക്കി: ‘കുറച്ചെങ്കിലും പ്രത്യാക്രമണത്തിനു തുനിയും. സ്‌കോര്‍ മുന്നോട്ടു കൊണ്ടു പോവും..’ടെസ്റ്റ് ക്രിക്കറ്റില്‍ സാങ്കേതികത്തികവിനൊപ്പം പ്രാധാന്യം മനക്കരുത്തിനുണ്ടെന്നും വിദേശ സാഹചര്യങ്ങളില്‍ അതിനു മുന്‍തൂക്കം കൂടുമെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular