ജഡേജയാണ് തന്റെ ഹീറോ…ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ച് ഓസീസ് താരം

ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ച് ഓസീസ് താരം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തിയും ജഡേജയെപ്പോലെ കളിക്കാനുള്ള ആഗ്രഹം പങ്കുവച്ചും ഓസ്‌ട്രേലിയന്‍ താരം ആഷ്ടണ്‍ ആഗര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഹാട്രിക് ഉള്‍പ്പെടെ അഞ്ചു വിക്കറ്റ് വീഴ്ത്തി ഓസീസിന്റെ വിജയശില്‍പിയായതിനു പിന്നാലെയാണ് ജഡേജയാണ് തന്റെ ഹീറോയെന്ന പ്രഖ്യാപനവുമായി ആഗറിന്റെ രംഗപ്രവേശം. അടുത്തിടെ നടന്ന ഇന്ത്യന്‍ പര്യടനത്തിനിടെ രവീന്ദ്ര ജഡേജയുമായി നടത്തിയ സംഭാഷണം തന്റെ കളിയില്‍ ചടുലമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെന്നും മത്സരശേഷം സംസാരിക്കവെ ആഗര്‍ വ്യക്തമാക്കി.

ജൊഹാനസ്ബര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ട്വന്റി20യില്‍ ആഗറിന്റെ ഓള്‍റൗണ്ട് പ്രകടനം ഓസീസിന്റെ കൂറ്റന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. ഓസീസ് ഇന്നിങ്‌സിന്റെ അവസാന ഓവറുകളില്‍ ക്രീസിലെത്തിയ ആഗര്‍ ഒന്‍പതു പന്തില്‍ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 20 റണ്‍സുമായി പുറത്താകാതെ നിന്നു. പിന്നീട് ബോളിങ്ങില്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ചു വിക്കറ്റും വീഴ്ത്തി. ആഗറിന്റെ ട്വന്റി20 കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് നേട്ടമാണിത്. മത്സരം 107 റണ്‍സിന് ജയിച്ച ഓസീസ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 1–0ന് ലീഡും നേടി.

‘ഇന്ത്യന്‍ പര്യടനത്തിനിടെ രവീന്ദ്ര ജഡേജയുമായി സംസാരിക്കാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നു. ക്രിക്കറ്റില്‍ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട താരമാണ് ജഡേജ. അദ്ദേഹത്തേപ്പോലെ ക്രിക്കറ്റ് കളിക്കണമെന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം. ഒരു യഥാര്‍ഥ റോക് സ്റ്റാറാണ് ജഡജേ’ – ആഗര്‍ പറഞ്ഞു.

രവീന്ദ്ര ജഡേജയുടെ ഓള്‍റൗണ്ട് മികവിനെക്കുറിച്ചും ആഗര്‍ വാചാലനായി. ‘ബാറ്റിങ്ങില്‍ അദ്ദേഹം തകര്‍ത്തടിക്കും, ഫീല്‍ഡിലും പറന്നു നില്‍ക്കും, ബോളിങ്ങില്‍ മികച്ച രീതിയില്‍ സ്പിന്നെറിയും. അദ്ദേഹത്തോട് ഫീല്‍ഡിങ്ങിനെക്കുറിച്ചും സ്പിന്‍ ബോളിങ്ങിെനക്കുറിച്ചും സംസാരിക്കുന്നതു തന്നെ വലിയ ആത്മവിശ്വാസം നല്‍കും. തീര്‍ച്ചയായും അദ്ദേഹത്തോടു സംസാരിച്ചതിന്റെ സ്വാധീനം എന്റെ കളിയിലുണ്ട്’ – ആഗര്‍ വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7