കോയമ്പത്തൂരിൽ കെഎസ്ആർടിസി ബസ് ലോറിയുമായി കൂട്ടിയിടിച്ച് 20 മരണം (വീഡിയോ കാണാം)

ഇരുപതോളം പേർക്കു പരുക്കേറ്റു. മരിച്ചവരിൽ അഞ്ചു പേർ സ്ത്രീകളാണ്. അപകടത്തിൽ ബസ് ഡ്രൈവറും കണ്ടക്ടറും മരിച്ചു. പരുക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. പരുക്കേറ്റവരെ അവിനാശി ആശുപത്രിയിലും കോയമ്പത്തൂർ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ തൃശൂർ സ്വദേശികളായ വിനോദ് (45), ക്രിസ്റ്റോ ചിറക്കേക്കാരൻ (25), നിബിൻ ബേബി, റഹീം എന്നിവരെയും പാലക്കാട് സ്വദേശി സോന സണ്ണിയെയും തിരിച്ചറിഞ്ഞു.
കെഎസ്ആർടിസി ആർഎസ് 784 നമ്പർ ബാംഗ്ലൂർ– എറണാകുളം ബസാണ് അപകടത്തിൽപ്പെട്ടത്. പുലർച്ചെ 3.15 ഓടെയാണ് അപകടമുണ്ടായത്. ബസിൽ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തുടർനടപടികൾക്കായി പാലക്കാട് യൂണിറ്റ് ഓഫിസറും കെഎസ്ആർടിസി ഇൻസ്പെക്ടർമാരും സംഭവസ്ഥലത്തെത്തി.
ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കു വന്ന ബസാണ് അപകടത്തിൽപ്പെട്ടത്. എറണാകുളം റജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. കോയമ്പത്തൂർ–സേലം ബൈപ്പാസിൽ മുന്‍വശത്തെ ടയർ പൊട്ടിയ കണ്ടെയ്നർ ലോറി ഇടയ്ക്കുള്ള ഡിവൈഡർ മറികടന്ന് മറുഭാഗത്ത് വൺവേയില്‍ പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ ഇടിച്ചുകയറുകയായിരുന്നു. ടൈലുമായി പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരിൽ പലരെയും പുറത്തെടുത്തത്.
തിങ്കളാഴ്ചയാണ് ബസ് എറണാകുളത്തു നിന്നു ബെംഗളൂരുവിലേക്കു പോയത്. യാത്രക്കാരില്ലാത്തതിനാൽ തിരിച്ചുവരുന്നത് ഒരു ദിവസം നീട്ടുകയായിരുന്നു. അപകടകാരണം അന്വേഷിക്കാൻ കെഎസ്ആർടിസി എംഡിയോട് ആവശ്യപ്പെട്ടതായി ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ അറിയിച്ചു.

അവിനാശി അപകടം ഹെൽപ്പ് ലൈൻ നമ്പർ 9495099910

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7