ബിജെപി നേതാക്കളുടെ ഡല്‍ഹി വിദ്വേഷ പ്രസംഗങ്ങവുമായി ഇങ്ങോട്ട് വരരുതെന്ന് സഖ്യ കക്ഷിയായ എല്‍ജെപി

ന്യൂഡല്‍ഹി: ബിജെപി നേതാക്കള്‍ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരേ സഖ്യ കക്ഷിയായ എല്‍ജെപി രംഗത്ത്. ഈ വര്‍ഷം നടക്കാനിരിക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ഇത്തരം ഭാഷകള്‍ നിയന്ത്രിക്കണമെന്ന് എല്‍ജെപി നേതാവും കേന്ദ്ര മന്ത്രിയുമായ രാം വിലാസ് പാസ്വാന്‍ ആവശ്യപ്പെട്ടു.

‘ബിഹാര്‍ തിരഞ്ഞെടുപ്പിന് എട്ട് മാസം മാത്രമാണ് ബാക്കിയുള്ളത്. പ്രദേശിക വികസന വിഷയങ്ങളാണ് പ്രചാരണ ആയുധമാക്കേണ്ടത്. ഭാഷകള്‍ നിര്‍ബന്ധമായും നിയന്ത്രിക്കപ്പെടണം’ പാസ്വാന്‍ പറഞ്ഞു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വിക്ക് പിന്നാലെ ആയിരുന്നു പാസ്വാന്റെ പ്രതികരണം.

പ്രതിഷേധക്കാരെ വെടിവെക്കാന്‍ ആഹ്വാനം ചെയ്തതടക്കമുള്ള വിവാദ പരാമര്‍ശങ്ങള്‍ തിരിച്ചടി ആയെന്ന് കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞിരുന്നു. വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂറടക്കമുള്ള ബിജെപി നേതാക്കള്‍ക്കെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തിരുന്നു. 70 അംഗ ഡല്‍ഹി നിയമസഭയില്‍ എട്ടു സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാന്‍ സാധിച്ചിരുന്നുള്ളൂ.

ബിഹാറില്‍ പ്രതിപക്ഷം മുങ്ങിപ്പോയ കപ്പലാണെന്നും എന്‍ഡിഎ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തിലേറുമെന്നും രാംവിലാസ് പാസ്വാന്‍ കൂട്ടിച്ചേര്‍ത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7