ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധയില്‍ മരിച്ചവരുടെ എണ്ണം 1368 ആയി. രോഗബാധിതരുടെ എണ്ണം 60,000 ലേക്ക് ഉയര്‍ന്നു. ചൊവ്വാഴ്ച മാത്രം മരണമടഞ്ഞവരുടെ എണ്ണം 242 ആയിരുന്നു. വിവിധ രാജ്യങ്ങളില്‍ പല പേരുകളില്‍ അറിയപ്പെടുന്നതിനാല്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന കൊറോണ വൈറസിന് കോവിഡ് 19 എന്ന പൊതുനാമം പുറത്തുവിട്ടിരുന്നു.
ഇതുവരെ ചൈനയില്‍ 60,286 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗത്തിന് വാക്‌സിന്‍ കണ്ടെത്താന്‍ താമസിക്കുന്നത് വലിയ തിരിച്ചടിയാണ്. രോഗം പടരുന്നത് പ്രതിരോധിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറിയതോടെ ഫെബ്രുവരിയില്‍ ഏറ്റവും കൂടിയ നിലയിലേക്കാണ് മരണസംഖ്യ കടന്നിരിക്കന്നത്. കഴിഞ്ഞയാഴ്ച വരെ ദിനംപ്രതി 100 പേര്‍ എന്ന കണക്കില്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ ഇപ്പോള്‍ അത് ദിനംപ്രതി 200 ലേക്ക് ഉയര്‍ന്നിട്ടുണ്ട്. എന്നിരുന്നാലും ഫെബ്രുവരിയില്‍ കൂടിയ നിരിക്കില്‍ എത്തിയിരിക്കുന്ന രോഗബാധ പതിതെ താഴാന്‍ തുടങ്ങുമെന്നാണ് പ്രതീക്ഷ. ലോകത്തെമ്പാടുമുള്ള വിവിധ ലാബുകളില്‍ ഗവേഷണം നടക്കുന്നുണ്ട്.
ചൈനയ്ക്ക് പുറത്ത് ഹോങ്കോംഗിലും സിങ്കപ്പൂരിലുമാണ് വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ജപ്പാന്‍ തീരത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പലിലെ ജീവനക്കാരായ രണ്ട് ഇന്ത്യക്കാര്‍ക്ക് െവെറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ കപ്പലില്‍ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 174 ആയി. ഇവരെ ആശുപത്രിയിലേക്കു മാറ്റി. രോഗബാധിതരായ ഇന്ത്യക്കാരുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ലെന്ന് ജപ്പാനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡയമണ്ട് പ്രിന്‍സസ് എന്ന കപ്പലിലെ 3,711 യാത്രക്കാരും ജീവനക്കാരുമാണു രോഗഭീതിയില്‍ കഴിയുന്നത്.
ചെനയ്ക്കു പുറത്ത് ഒറ്റസ്ഥലത്ത് റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ കേസ് ഇതാണ്. കപ്പലിലെ ഒരു മുന്‍ യാത്രികനു െവെറസ്ബാധ സ്ഥിരീകരിച്ചതോടെ കഴിഞ്ഞയാഴ്ച ആദ്യമാണു കപ്പല്‍ ജപ്പാനിലെ യൊക്കഹോമ ക്രൂസ് ടെര്‍മിനലില്‍ നിര്‍ബന്ധിത നങ്കൂരമിട്ടത്. യാത്രികരും ജീവനക്കാരുമായി കപ്പലില്‍ ആകെ 138 ഇന്ത്യക്കാരാണുള്ളത്. ക്യാബിനില്‍നിന്നു പുറത്തിറങ്ങുന്നതിനടക്കം കടുത്ത നിയന്ത്രണങ്ങളാണ് യാത്രികര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രോഗബാധ നിരീക്ഷിക്കുന്നതിനായി നേരത്തെ ഈമാസം 19 വരെയാണ് കപ്പല്‍ പിടിച്ചിട്ടിരുന്നത്. കൂടുതല്‍ യാത്രികരുടെ പരിശോധനാഫലങ്ങള്‍ പോസിറ്റീവായതോടെ കപ്പലിന്റെ തുടര്‍യാത്ര അനന്തമായി വൈകുമെന്നാണു സൂചന.