തന്ത്രങ്ങളിലൂടെ ജയിക്കും; ഡല്‍ഹിയില്‍ വിജയമുറപ്പെന്ന് ബിജെപി

ന്യൂഡല്‍ഹി: എക്സിറ്റ് പോളുകള്‍ എതിരായിരുന്നിട്ടും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന തികഞ്ഞ ആത്മവിശ്വാസത്തോടെ ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന് ഉറപ്പാണെന്ന് ബിജെപി വൃത്തങ്ങള്‍ വിശ്വസിക്കുന്നു.

തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന പ്രധാനപ്പെട്ട എകിസ്റ്റ് പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നാണ് പ്രവചിച്ചിരിക്കുന്നത്. എന്നാല്‍ എക്സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍ എന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞത്. പരാജയപ്പെടാന്‍ ഒരു കാരണവും ഇല്ലെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തലെന്ന് ഒരു മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ദേശീയ വിഷയങ്ങള്‍ ഉയര്‍ത്തിയും പ്രത്യയ ശാസ്ത്രത്തിലൂന്നിയുമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത പ്രചാരണമാണ് ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപി നടത്തിയിരുന്നത്. ദേശീയ നേതൃത്വം നേരിട്ടാണ് പ്രചാരണം നടത്തിയത്. അമിത് ഷാ നേതൃത്വം നല്‍കി. എംപിമാരുടേയും കേന്ദ്ര മന്ത്രിമാരുടേയും വന്‍ പട തന്നെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു. ഇങ്ങനെയൊക്കെ ചെയ്തിട്ടും കെജ്രിവാളിന്റെ ജനസമ്മിതിക്ക് നേരിയ പോറല്‍പോലും ഏല്‍പ്പിക്കാനായിട്ടില്ലെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപി പ്രവര്‍ത്തകരെ കടുത്ത നിരാശയിലാക്കിയിട്ടുണ്ട്. എന്നാല്‍ പതിനൊന്നിന് ഫലം പുറത്ത് വരുമ്പോള്‍ എക്സിറ്റ്പോളുകളില്‍ കഴമ്പില്ലെന്ന് വ്യക്തമാകുമെന്നാണ് ബിജെപി നേതൃത്വം ആവര്‍ത്തിച്ച് പറയുന്നത്.

48-ന് മുകളില്‍ സീറ്റുകള്‍ നേടി ബിജെപി അധികാരം നേടുമെന്നാണ് ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി കഴിഞ്ഞ ദിവസം പറഞ്ഞത്. തിരഞ്ഞെടുപ്പിന് ശേഷം എ.എ.പി അസ്വസ്ഥരാണ്. അത്ക്കൊണ്ടാണ് അവര്‍ വോട്ടിങ്മെഷീനെതിരേ ആരോപണങ്ങള്‍ ഇപ്പഴേ ഉന്നയിച്ച്ക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7