ഒടുവില്‍ സര്‍ക്കാര്‍ ജയിച്ചു; ഗവര്‍ണര്‍ മുട്ടുമടക്കി; പൗരത്വ നിയമ വിമര്‍ശനം സഭയില്‍ വായിച്ചു; വീണ്ടും ‘ശശി’ ആയത് കോണ്‍ഗ്രസ്..!!!

തിരുവനന്തപുരം: ഒടുവില്‍ ജയം സര്‍ക്കാരിന്റേത്. മലപോലെ വന്നത് എലിപോലെ പോയി. പൗരത്വ നിയമത്തിനെതിരെ സര്‍ക്കാരിന്റെ പ്രതിഷേധം നിയമസഭയില്‍ ഒടുവില്‍ ഗവര്‍ണര്‍ വായിച്ചു. ഇതോടെ ദിവസങ്ങളായി നടന്നുവന്ന സര്‍ക്കാര്‍-ഗവര്‍ണര്‍ പോരാട്ടത്തില്‍ അവസാന ജയം സര്‍ക്കാരിന് തന്നെ. നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമത്തിനെതിരെ വിമര്‍ശനമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്ന നിലപാട് അവസാന നിമിഷത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാറ്റുകയായിരുന്നു. പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കില്ലെന്ന് സര്‍ക്കാരിനെ രേഖാമൂലം അറിയിച്ചുവെങ്കിലും മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഭാഗം വായിക്കുന്നതായി ഗവര്‍ണര്‍ അറിയിക്കുകയായിരുന്നു. വിയോജിപ്പുള്ള ഭാഗങ്ങള്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടുന്നതു പതിവാണെങ്കിലും മുന്‍കൂട്ടി അറിയിക്കാറില്ല. സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായി വരുന്നതല്ല പൗരത്വ നിയമ ഭേദഗതി എങ്കിലും ഇത് വായിക്കണം എന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. അതിനാല്‍ അദ്ദേഹത്തിന്റെ ആവശ്യത്തെ മാനിക്കുന്നുവെന്ന് പറഞ്ഞാണ് ഗവര്‍ണര്‍ നേരത്തെ ഒഴിവാക്കുമെന്ന് അറിയിച്ച ഖണ്ഡിക വായിച്ചത്.

ഭരണഘടനയുടെ 176 (1) വകുപ്പുപ്രകാരം സര്‍ക്കാരിന്റെ നയവും പരിപാടികളുമാണു സഭയില്‍ പ്രഖ്യാപിക്കേണ്ടത്. കാഴ്ചപ്പാട് വ്യക്തിപരമായതിനാല്‍ ഗവര്‍ണറുടെ വിവേചനാധികാരം ഉപയോഗിച്ച് ഒഴിവാക്കാം. നയം, പരിപാടി, കാഴ്ചപ്പാട് എന്നീ വാക്കുകളുടെ അര്‍ഥവും അരുണാചല്‍പ്രദേശ് ഡപ്യൂട്ടി സ്പീക്കറുമായി ബന്ധപ്പെട്ട കേസിന്റെ വിവരങ്ങളും കത്തിലുണ്ട്.എന്നാല്‍, പൗരത്വ വിഷയത്തിലെ സമരപരിപാടികള്‍ പ്രധാനപ്പെട്ട നയപരിപാടികളിലൊന്നായിരുന്നതിനാല്‍ അതെങ്ങനെ വെറും കാഴ്ചപ്പാട് ആകുമെന്നാണു സര്‍ക്കാരിന്റെ മറുചോദ്യം. നയപ്രഖ്യാപനത്തില്‍ നിന്നു ഗവര്‍ണര്‍ വ്യതിചലിക്കില്ലെന്നാണു പ്രതീക്ഷയെന്നും ഓരോരുത്തര്‍ക്കും തങ്ങളുടേതായ ഭരണഘടനാ ബാധ്യതകളുണ്ടെന്നും സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു.മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ഗവര്‍ണര്‍ പൗരത്വ നിയമത്തിനെതിരെയുള്ള വിമര്‍ശനം വായിക്കുമെന്ന് അറിയിക്കുകയായിരുന്നു.

ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തിന് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം തടഞ്ഞിരുന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും ചേര്‍ന്ന് ആനയിച്ച ഗവര്‍ണറെ പ്രതിപക്ഷം ബാനറുകളും പ്ലക്കാര്‍ഡുമായി തടയുകയായിരുന്നു. സഭയുടെ നടുത്തളത്തിലാണ് പ്രതിപക്ഷം തടഞ്ഞത്. ഗവര്‍ണര്‍ക്കെതിരെ ‘ഗോ ബാക്ക് ‘ വിളികളും മുദ്രാവാക്യങ്ങളും പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ കുത്തിയിരുന്നു. ഗവര്‍ണര്‍ക്കൊപ്പം സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷത്തെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വാച്ച് ആന്‍ഡ് വാര്‍ഡ് എത്തി പ്രതിപക്ഷ അംഗങ്ങളെ നീക്കി ഗവര്‍ണര്‍ക്ക് വഴിയൊരുക്കുകയായിരുന്നു. പിന്നീടു പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. നിയമസഭയുടെ പ്രധാന കവാടം യുഡിഎഫ് ഉപരോധിക്കുന്നു. ഇതിനു പിന്നാലെ ഗവര്‍ണര്‍ പ്രസംഗം തുടങ്ങി. കടലാസ് രഹിത സഭയ്ക്ക് അഭിനന്ദനം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7