മുംബൈ: ഒരാഴ്ചയ്ക്കിടെ ട്രിപ്പിള്‍ സെഞ്ചുറി, പിന്നാലെ ഇരട്ടസെഞ്ചുറി…ഈ സര്‍ഫറാസ് ഖാന്‍ ഇതെന്തു ഭാവിച്ചാണ്! 17ാം വയസ്സില്‍ ഐപിഎല്ലില്‍ ‘വണ്ടര്‍ കിഡാ’യി അവതരിച്ച താരം മാണ് ഇരുപത്തിരണ്ടുകാരനായ സര്‍ഫറാസ്്, രഞ്ജി ട്രോഫിയില്‍ തുടര്‍ച്ചയായ രണ്ടാം ഇരട്ടസെഞ്ചുറി നേടിയിരിക്കുകയാണ് താരം ഇപ്പോള്‍. ധരംശാലയിലെ ഹിമാചല്‍ പ്രദേശ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഹിമാചലിനെതിരെയാണ് മുംബൈയ്ക്കായി സര്‍ഫറാസ് വീണ്ടും ഇരട്ടസെഞ്ചുറി നേടിയത്. കഴിഞ്ഞ മത്സരത്തില്‍ ഉത്തര്‍പ്രദേശിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ട പ്രകടനത്തിന്റെ ആവേശമാറും മുന്‍പേയുള്ള ഈ ഇരട്ടസെഞ്ചുറിയും ട്രിപ്പിള്‍ സെഞ്ചുറിയിലെത്തുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റു ചെയ്യുന്ന മുംബൈ വെളിച്ചക്കുറവു മൂലം ഒന്നാം ദിവസത്തെ കളി നേരത്തേ നിര്‍ത്തുമ്പോള്‍ 75 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 372 റണ്‍സ് എന്ന നിലയിലാണ്. സര്‍ഫറാസ് 226 റണ്‍സോടെയും ശുഭം രഞ്ജനെ 44 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത ആറാം വിക്കറ്റില്‍ സര്‍ഫറാസ് ശുഭം സഖ്യം 158 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഏകദിന ശൈലിയില്‍ തകര്‍ത്തടിച്ചു മുന്നേറുന്ന സര്‍ഫറാസ് 199 പന്തിലാണ് ഇരട്ടസെഞ്ചുറി നേടിയത്. ബൗണ്ടറിയിലൂടെ ഇരട്ടസെഞ്ചുറിയിലെത്തിയ സര്‍ഫറാസ് ഇതിനിടെ 29 ഫോറും മൂന്നു സിക്‌സും നേടി. ഇതുവരെ 213 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 32 ഫോറും നാലു സിക്‌സും സഹിതമാണ് 226 റണ്‍സെടുത്തത്
ഒരു ഘട്ടത്തില്‍ നാലിന് 71 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന മുംബൈയ്ക്കായി അഞ്ചാം വിക്കറ്റിലും ആറാം വിക്കറ്റിലും സെഞ്ചുറി കൂട്ടുകെട്ട് തീര്‍ത്താണ് സര്‍ഫറാസ് രക്ഷകനായത്. അഞ്ചാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ആദിത്യ താരെയ്‌ക്കൊപ്പം 143 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ആദിത്യ താരെ 100 പന്തില്‍ എട്ടു ഫോറുകള്‍ സഹിതം 62 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ജയ് ബിസ്ത (12 പന്തില്‍ 12), ഭൂപന്‍ ലാല്‍വാനി (ഒന്ന്), ഹാര്‍ദിക് ടാമോര്‍ (എട്ടു പന്തില്‍ രണ്ട്), സിദ്ധേഷ് ലാഡ് (33 പന്തില്‍ 20) എന്നിവരാണ് മുംബൈ നിരയില്‍ പുറത്തായ മറ്റുള്ളവര്‍. ഹിമാചലിനായി വൈഭവ് അറോറ, രാഘവ് ധവാന്‍ എന്നിവര്‍ രണ്ടും കെ.ഡി. സിങ് ഒരു വിക്കറ്റും വീഴ്ത്തി.
തന്റെ പഴയ തട്ടകമായ ഉത്തര്‍പ്രദേശിനെതിരെ ട്രിപ്പിള്‍ സെഞ്ചുറി നേടി ഒരാഴ്ച പിന്നിടും മുന്‍പാണ് തൊട്ടടുത്ത മത്സരത്തില്‍ സര്‍ഫറാസ് വീണ്ടും ഇരട്ടസെഞ്ചുറി കടന്നത്. ഉത്തര്‍പ്രദേശിനതിരെ 397 പന്തുകള്‍ നേരിട്ട സര്‍ഫറാസ് 30 ഫോറും എട്ടു സിക്‌സും സഹിതം 301 റണ്‍സുമായി പുറത്താകാതെ നിന്നു. 166.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 688 റണ്‍സെടുത്ത മുംബൈ സര്‍ഫറാസിന്റെ ട്രിപ്പിള്‍ സെഞ്ചുറിയുടെ കരുത്തില്‍ ഒന്നാം ഇന്നിങ്‌സ് ലീഡും സ്വന്തമാക്കിയിരുന്നു. മത്സരം സമനിലയില്‍ അവസാനിച്ചതോടെ ലീഡിന്റെ പിന്‍ബലത്തില്‍ മുംബൈയ്ക്ക് മൂന്നു പോയിന്റ് ലഭിച്ചു.
അന്ന് ഉത്തര്‍പ്രദേശിനെതിരെയും 128 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടമാക്കി തകര്‍ച്ചയിലേക്കു നീങ്ങുമ്പോഴാണ് രക്ഷകനായി സര്‍ഫറാസ് എത്തുന്നത്. അഞ്ചാം വിക്കറ്റില്‍ സിദ്ധേഷ് ലാഡിനെ കൂട്ടുപിടിച്ച് ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുമായി (210) മുംബൈ ഇന്നിങ്‌സിനെ ‘നേരെയാക്കിയ’ സര്‍ഫറാസ്, ക്യാപ്റ്റന്‍ ആദിത്യ താരെയ്‌ക്കൊപ്പം ഇരട്ടസെഞ്ചുറിയുടെ വക്കിലെത്തിയ മറ്റൊരു കൂട്ടുകെട്ടിലൂടെ ടീമിനെ ലീഡിലേക്കും നയിച്ചു. ലാഡ് 174 പന്തില്‍ 10 ഫോറും ഒരു സിക്‌സും സഹിതം 98 റണ്‍സെടുത്തും ക്യാപ്റ്റന്‍ ആദിത്യ താരെ 144 പന്തില്‍ 14 ഫോറുകള്‍ സഹിതം 97 റണ്‍സെടുത്തും പുറത്തായി. ഏഴാം വിക്കറ്റില്‍ ഷംസ് മുളാനിയെ കൂട്ടുപിടിച്ച് സര്‍ഫറാസ് വീണ്ടും സെഞ്ചുറി കൂട്ടുകെട്ടു (150) തീര്‍ത്തു. തകര്‍പ്പനൊരു സിക്‌സിലൂടെ 250 കടന്ന സര്‍ഫറാസ്, 300 കടന്നതും സിക്‌സിലൂടെത്തന്നെ.
കഴിഞ്ഞ സീസണിന്റെ ആരംഭം വരെ ഉത്തര്‍പ്രദേശിനായി കളിച്ചിരുന്ന സര്‍ഫറാസ് പിന്നീട് മുംബൈയിലേക്ക് മാറുകയായിരുന്നു. 2009ല്‍ രോഹിത് ശര്‍മ ട്രിപ്പിള്‍ സെഞ്ചുറി നേടിയ ശേഷം ഒരു പതിറ്റാണ്ടു പിന്നിടുമ്പോഴാണ് സര്‍ഫറാസിലൂടെ മറ്റൊരു മുംബൈ താരം വീണ്ടും ട്രിപ്പിള്‍ നേടിയത്. ഇതോടെ, സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, രോഹിത് ശര്‍മ, അജിത് വഡേക്കര്‍, വസിം ജാഫര്‍, വിജയ് മെര്‍ച്ചന്റ് തുടങ്ങിയ മഹാരഥന്‍മാര്‍ക്കൊപ്പമെത്താനും സര്‍ഫറാസിനായി. വസിം ജാഫര്‍ മാത്രമാണ് മുംബൈയില്‍നിന്ന് രണ്ട് ട്രിപ്പിള്‍ സെഞ്ചുറി നേടിയിട്ടുള്ള താരം.
ഐപിഎല്ലാണ് സര്‍ഫറാസിന്റെ യഥാര്‍ഥ കളരി. 2015ല്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനു വേണ്ടി കളിച്ച സര്‍ഫറാസ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി. വിരാട് കോഹ്ലി, എ.ബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവരുള്‍പ്പെടുന്ന ടീമില്‍ അതേ ശൈലിയിലുള്ള ബാറ്റിങ്ങിലൂടെ സ്വന്തം ഇടം കണ്ടെത്തുകയും ചെയ്തു. ക്രിക്കറ്റ് പരിശീലകനായ പിതാവ് നൗഷാദ് ഖാന്റെ കീഴില്‍ കളി പഠിച്ചു തുടങ്ങിയ സര്‍ഫറാസ് 2014, 2016 അണ്ടര്‍19 ലോകപ്പുകളില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. 2016 ലോകകപ്പില്‍ റണ്‍വേട്ടക്കാരില്‍ രണ്ടാമനുമായിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സര്‍ഫറാസിന്റെ പേരില്‍ തന്നെ. മുംബൈയില്‍ ജനിച്ച സര്‍ഫറാസ് ആദ്യം ഉത്തര്‍ പ്രദേശിനു വേണ്ടിയാണ് രഞ്ജി ട്രോഫിയില്‍ കളിച്ചത്. പിന്നീട് മുംബൈ ടീമിലേക്കു തട്ടകം മാറ്റി