ബീജിങ്: കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായും ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു. ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ വൈറസ് പടരുന്നുവെന്ന് ചൈനീസ് ആരോഗ്യമന്ത്രി ആശങ്കപ്പെട്ടു. രാജ്യത്ത് 56 ആളുകള്‍ ഇതുവരെ മരിച്ചു. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണ്. ഭീതിതമായ സാഹചര്യം തുടരുന്നു.
കൊറോണവൈറസ് പടര്‍ന്ന്പിടിക്കുന്നതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തി. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. അതേ സമയം ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ഒരു വ്യക്തി രോഗബാധിതനായാല്‍ അയാള്‍ പോലും അറിയാതെയാണ് മറ്റുവരിലേക്ക് പടരുന്നത്. ‘പുതിയ കൊറോണവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല, മാത്രമല്ല അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും ഞങ്ങള്‍ക്ക് വ്യക്തതയില്ലെന്നും ചൈനീസ് ആരോഗ്യ മന്ത്രി പറഞ്ഞു. പല നഗരങ്ങളും അടച്ചിട്ടതിന് പുറമെ തലസ്ഥാനമായ ബീജിംങില്‍ നിന്നടക്കം ദീര്‍ഘദൂര ബസുകളും സര്‍വീസ് നിര്‍ത്തിവെച്ചിട്ടുണ്ട്.