മോദിയും ബിജെപിയും ഇന്ത്യയെ തകര്‍ത്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് ദി എക്കണോമിസ്റ്റ് മാസിക. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ആശയത്തെ മോദി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് മാസികയുടെ വിമര്‍ശനം. പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വ രജിസ്റ്റര്‍ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് എക്കണോമിസ്റ്റ് മാസികയുടെ വിമര്‍ശനം.

മാസികയുടെ കവര്‍ സ്റ്റോറിയിലാണ് രൂക്ഷമായ വിമര്‍ശനമുള്ളത്. പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും ചേര്‍ന്ന് ലോകത്തിലേറ്റവും വലിയ ജനാധിപത്യ രാജ്യത്തെ അപകടത്തിലാക്കുന്നതെങ്ങനെയെന്ന് ഇതിന്റെ കവര്‍ ചിത്രം ട്വീറ്റ് ചെയ്യവേ മാസിക കുറിച്ചു. മോദി രാജ്യത്ത് വിഭാഗീയത സൃഷ്ടിക്കുന്നുവെന്നും രാജ്യത്തെ ഹിന്ദുരാജ്യമാക്കി മാറ്റാന്‍ പ്രധാനമന്ത്രി ശ്രമിക്കുന്നതായി 20 കോടിയോളം വരുന്ന മുസ്ലീം ജനത ഭയക്കുന്നുവെന്നും മാസികയിലെ ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.

രാമജന്മഭൂമി പ്രക്ഷോഭകാലം മുതലിങ്ങോട്ടുള്ള ബിജെപിയുടെ വളര്‍ച്ച വിശദീകരിക്കുന്ന ലേഖനത്തില്‍ രാജ്യത്തെ ജനങ്ങളെ വിഭജിക്കുന്നതിലൂടെ മോദിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും നേട്ടങ്ങള്‍ കൊയ്യുന്നുവെന്നും വിമര്‍ശിക്കുന്നു. രാജ്യത്തെ യഥാര്‍ഥ പൗരന്മാരുടെ രജിസ്റ്റര്‍ തയ്യാറാക്കാനുള്ള നീക്കം 130 കോടിയോളം വരുന്ന ജനങ്ങളെ കഷ്ടത്തിലാക്കുമെന്നും ലേഖനത്തില്‍ പറയുന്നു. രജിസ്റ്റര്‍ നടപടി വര്‍ഷങ്ങളോളം നീണ്ടുനില്‍ക്കുന്നതാണ്. ലിസ്റ്റ് തയ്യാറായാല്‍ തന്നെ അത് പുനഃപരിശോധനയ്ക്കും ഇതിനെ എതിര്‍ക്കുന്നതും നടന്നുകൊണ്ടേയിരിക്കുമെന്നും ലേഖനത്തില്‍ നിരീക്ഷിക്കുന്നു.

ബിജെപി അധികാരത്തില്‍ വന്നതിന് ശേഷം സമ്പദ്വ്യവസ്ഥയിലുണ്ടായ തിരിച്ചടികളേപ്പറ്റിയുള്ള ചര്‍ച്ചകളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്നതാണ് ഈ നീക്കങ്ങളെന്നും ലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു. സഹിഷ്ണുത ഇന്ത്യ എന്ന പേരിലാണ് ലേഖനം. അതേസമയം ലേഖനത്തിനെതിരെ ബിജെപി നേതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. എക്കണോമിസ്റ്റ് മാസികയ്ക്കെതിരെ കോളോണിയല്‍ ചിന്താഗതിയുള്ള ധിക്കാരിയെന്നാണ് ബിജെപി നേതാവ് ഡോ. വിജയ് ചൗത്തായ്വാലെ ലേഖനത്തോട് പ്രതികരിച്ചത്.

ബ്രിട്ടീഷുകാര്‍ 1947ല്‍ രാജ്യം വിട്ടുവെന്നാണ് നമ്മള്‍ കരുതുന്നത്. എന്നാല്‍ എക്കണോമിസ്റ്റിലെ എഡിറ്റര്‍മാര്‍ ഇപ്പോഴും കൊളോണിയല്‍ കാലത്ത് ജീവിക്കുന്നവരാണ്. മോദിക്ക് വോട്ട് നല്‍കരുതെന്ന് വിളിച്ച് പറഞ്ഞിട്ടും 60 കോടിയോളം ഇന്ത്യക്കാര്‍ അതിനെ പിന്തുടരാതിരുന്നതില്‍ അവര്‍ ദേഷ്യത്തിലാണ്. വിജയ് ചൗത്തായ്വാല പറഞ്ഞു. ബിജെപിയുടെ വിദേശനയങ്ങളുടെ ചുമതലയുള്ള നേതാവാണ് ഇദ്ദേഹം.

ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം 10 പോയിന്റ് കുറച്ച് എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പൗരത്വത്തിന് മതം പരിശോധിക്കുന്ന ഭേദഗതി ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണെന്നും എക്കണോമിസ്റ്റ് ഇന്റലിജന്‍സ് യൂണിറ്റ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി മാസിക കവര്‍ സ്റ്റോറിയെഴുതുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7