വീണ്ടും അത് സംഭവിച്ചു; ഇത്തവണയെങ്കിലും ഗ്രൗണ്ടില്‍ ഇറക്കുമോ..?

മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് വീണ്ടും പ്രതീക്ഷയേകി പ്രിയ താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഓസ്ട്രേലിയയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങ്ങിനിടെ തോളിനു പരുക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസീലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍നിന്ന് പുറത്തായതോടെയാണ് സഞ്ജുവിന് അവസരം ലഭിച്ചത്. ധവാന്റെ പരുക്ക് ഗൗരവമേറിയതാണെന്നു ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ട്വന്റി20, ഏകദിന ടീമുകളില്‍നിന്ന് താരത്തെ ഒഴിവാക്കിയത്. ട്വന്റി20 ടീമിലേക്കാണ് സഞ്ജുവിനെ പകരക്കാരനായി വിളിച്ചത്. അതേസമയം, ഏകദിന ടീമില്‍ യുവതാരം പൃഥ്വി ഷായാണ് ധവാന്റെ പകരക്കാരന്‍. ധവാന്‍ വിശദ പരിശോധനകള്‍ക്കും ചികിത്സയ്ക്കുമായി ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു പോകുമെന്ന് ബിസിസിഐ വ്യക്തമാക്കി.

ട്വന്റി20 ടീമിനെ നേരത്തെ പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് സ്ഥാനമുണ്ടായിരുന്നില്ല.

നിലവില്‍ ന്യൂസീലന്‍ഡില്‍ പര്യടനം നടത്തുന്ന ഇന്ത്യ എ ടീമില്‍ അംഗങ്ങളായ സഞ്ജുവും പൃഥ്വി ഷായും അവിടെവച്ച് സീനിയര്‍ ടീമിനൊപ്പം ചേരും. ഈ മാസം 24നാണ് ഇന്ത്യയുടെ ന്യൂസീലന്‍ഡ് പര്യടനത്തിനു തുടക്കം കുറിച്ച് ട്വന്റി20 പരമ്പര ആരംഭിക്കുക. അഞ്ച് ട്വന്റി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റ് മത്സരങ്ങളും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യ ന്യൂസീലന്‍ഡില്‍ കളിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കിടെ ധവാനു പരുക്കേറ്റപ്പോഴും തൊട്ടുപിന്നാലെ നടന്ന വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയില്‍ സഞ്ജുവിനെയാണ് പകരക്കാരനായി സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഇതോടെ, രണ്ടാം തവണയാണ് സീനിയര്‍ ടീമിലേക്ക് ധവാന്റെ പരുക്കുമൂലം സഞ്ജുവിന് അവസരം ലഭിക്കുന്നത്. ഇന്ത്യയുടെ കഴിഞ്ഞ മൂന്നു ട്വന്റി20 പരമ്പരകളിലും സഞ്ജുവും ടീമില്‍ അംഗമായിരുന്നു. ബംഗ്ലദേശിനും വെസ്റ്റിന്‍ഡീസിനും എതിരായ പരമ്പരകളില്‍ കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ലെങ്കിലും ശ്രീലങ്കയ്ക്കെതിരെ ഒരു മത്സരത്തില്‍ അവസരം ലഭിച്ചു. നേരിട്ട ആദ്യ പന്തുതന്നെ സിക്‌സറിനു പറത്തി മികച്ച തുടക്കമിട്ടെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി.

ഇതിനു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനായി പ്രഖ്യാപിച്ച ഇന്ത്യന്‍ ട്വന്റി20 ടീമില്‍നിന്ന് സഞ്ജുവിനെ തഴഞ്ഞു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ വിശ്രമമനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്കെതിരായ മത്സരത്തിനിടെ ധവാന് വീണ്ടും പരുക്കേറ്റതോടെ സഞ്ജുവിനു മുന്നില്‍ ഒരിക്കല്‍ക്കൂടി ദേശീയ സീനിയര്‍ ടീമിന്റെ വാതില്‍ തുറന്നു.

അതേസമയം, ട്വന്റി20 ലോകകപ്പിന്റെ തയാറെടുപ്പ് അവസാന ഘട്ടത്തിലേക്കു കടക്കുന്ന ഈ അവസരത്തില്‍ ധവാന്റെ പരുക്ക് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണ്. ഏകദിന ലോകകപ്പ് മുതലിങ്ങോട്ട് ഇതു മൂന്നാം തവണയാണ് ധവാന്‍ പരുക്കേറ്റ് ടീമിനു പുറത്താകുന്നത്. ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളിലും അര്‍ധസെഞ്ചുറി നേടി മികച്ച ഫോമില്‍ കളിക്കുമ്പോഴാണ് പരുക്കു വീണ്ടും വില്ലനായത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7